ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനമായി നടക്കുന്ന ഏറ്റവും ജനപങ്കാളിത്തമുണ്ടാകുന്ന ദുബൈ റണ്ണിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ ഫ്രീ റൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിപാടിയുടെ അഞ്ചാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്.
ദുബൈ നഗരത്തിന്റെ ഏറ്റവും പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ നടക്കുന്ന റണ്ണിൽ രണ്ട് ലക്ഷത്തിലേറെ പേർ ഇത്തവണ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് കി.മീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ടും 10 കി. മീറ്റർ ശൈഖ് സായിദ് റോഡ് റൂട്ടുമാണ് റണ്ണിന്റെ രണ്ടിനങ്ങൾ.
ദുബൈ റൺ വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തിരുന്നത്. പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. കഴിഞ്ഞ വർഷം മുൻവർഷങ്ങളിലെ റെക്കോർഡ് തകർത്താണ് പരിപാടിയിൽ പങ്കാളിത്തമുണ്ടായത്. ഇത്തവണ പുതിയ റെക്കോഡ് കുറിക്കുന്ന രീതിയിൽ പങ്കാളിത്തം വർധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഒരുമാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഇതിന്റെ ഓൺലൈൻ രജിസ്ട്രേഷന് നേരത്തെ തുടക്കമായിരുന്നു. ഒക്ടോബർ 28 മുതൽ നവംബർ 26 വരെയാണ് ചലഞ്ച്. സ്വദേശികൾക്കും വിദേശികൾക്കും ചലഞ്ചിൽ പങ്കെടുക്കാം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച്. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ തുടക്കം കുറിച്ച സംരംഭമാണിത്. ഒരുമാസം നീണ്ടുനിൽക്കുന്ന 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.