ദുബൈ: ഫിറ്റ്നസ് ചാലഞ്ചിന്റെ സമാപന പരിപാടിയായ ദുബൈ റൺ ഞായറാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ ശൈഖ് സായിദ് റോഡിൽ നടക്കും. 5, 10 കി. മീറ്ററുകളിലായി നടക്കുന്ന റണ്ണിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടിക്കായി ശൈഖ് സായിദ് റോഡ് പുലർച്ച മൂന്ന് മുതൽ അടക്കും. റണ്ണിനു ശേഷം 9.30നാണ് പിന്നീട് റോഡ് വാഹനങ്ങൾക്കായി തുറക്കുക. ഒരുമാസം നീളുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഏഴാമത് എഡിഷനാണ് ദുബൈ റണ്ണോടെ സമാപനമാകുന്നത്. ദുബൈ റണ്ണിൽ നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
ഓട്ടം തുടങ്ങുന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ്. അഞ്ച് കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ബുർജ് ഖലീഫയും ദുബൈ ഓപറയും കടന്ന് ദുബൈ മാളിനടുത്ത് അവസാനിക്കും. എല്ലാ പ്രായത്തിലുള്ളവർക്കും യോജിച്ച റൂട്ടാണിത്. 10 കി.മീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ദുബൈ കനാൽപാലം കടന്ന്, തുടർന്ന് ശൈഖ് സായിദ് റോഡിലൂടെ ചുറ്റി ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിൽ അവസാനിക്കും. കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്കാണ് ഈ റൂട്ട് അനുയോജ്യം.
റണ്ണിന്റെ സമയത്ത് ശൈഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യേണ്ടവർ സമാന്തര റോഡുകൾ തെരഞ്ഞെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. റണ്ണിന് എത്തിച്ചേരുന്നവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.