ദുബൈ: ദുബൈയിലെ സ്കൂൾ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടുന്ന കാൽപന്ത് മാമാങ്കത്തിന് തിങ്കളാഴ്ച തുടക്കം. ദുബൈ സ്കൂൾ ഗെയിംസിന്റെ മൂന്നാം എഡിഷന്റെ ഭാഗമായാണ് ഫുട്ബാൾ. 35 സ്കൂളുകളിലെ 1500ഓളം വിദ്യാർഥികൾ പങ്കെടുക്കും. ദുബൈ സ്പോർട്സ് കൗൺസിലുമായി ചേർന്ന് എമിറേറ്റ്സ് എൻ.ബി.ഡി, esmco.in എന്നിവരാണ് സ്കൂൾ ഗെയിംസ് നടത്തുന്നത്. സ്കൂൾ ഗെയിംസിൽ ആകെ 220 സ്കൂളുകളിലെ 5000 കുട്ടികളാണ് പങ്കെടുക്കുന്നത്. ഫുട്ബാൾ ഉൾപ്പെടെ 22 മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
തിങ്കളാഴ്ച മുതൽ 26വരെയാണ് ഫുട്ബാൾ മത്സരം. രാവിലെ ഒമ്പത് മുതൽ നടക്കുന്ന മത്സരത്തിൽ 126 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആൺകുട്ടികൾക്ക് അണ്ടർ 10, 11, 12, 13, 14, 15 കാറ്റഗറിയിൽ മത്സരമുണ്ടാവും. പെൺകുട്ടികൾക്ക് അണ്ടർ 13, 15 വിഭാഗങ്ങളിലാണ് മത്സരം. തിങ്കളാഴ്ച മുതൽ 19വരെയുള്ള മത്സരങ്ങൾ അവീറിലെ ഷബാബ് അൽ അഹ്ലി സ്റ്റേഡിയത്തിലായിരിക്കും. രണ്ടാം ആഴ്ചയിലെ മത്സരങ്ങൾ ഊദ്മേത്തയിലെ അൽ നാസ്ർ ക്ലബ് ഗ്രൗണ്ടിൽ നടക്കും. ഓരോ വിഭാഗത്തിലും 16 ടീമുകൾ വീതം പങ്കെടുക്കും. ഇവരെ നാല് ടീമുകളുടെ ഗ്രൂപ്പായി തിരിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നുവരെയായിരിക്കും മത്സരം.
അതേസമയം, സ്കൂൾ ഗെയിംസിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരം ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കും. ഫെബ്രുവരി 20, 21 തീയതികളിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുക. റഗ്ബി, നെറ്റ്ബാൾ, സൈക്ലിങ്, ടെന്നിസ് തുടങ്ങിയ മത്സരങ്ങളും വരും ആഴ്ചകളിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.