ദുബൈ: വേനലവധിക്ക് ശേഷവും ദുബൈയിലെ സ്കൂളുകളിൽ ഇ-ലേണിങ് തുടരും. പല രക്ഷിതാക്കളും കുട്ടികളെ നേരിട്ട് അയക്കാൻ സന്നദ്ധമല്ലാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ വിദൂരപഠനം തുടരാൻ തീരുമാനമെടുത്തത്.
രോഗപ്രതിരോധശേഷി കുറഞ്ഞവരും യാത്രവിലക്ക് കാരണം സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിയവരുമായ വിദ്യാർഥികൾക്ക് ഇത് ഗുണം ചെയ്യും. എന്നാൽ വേനലവധിക്ക് ശേഷമുള്ള സ്കൂൾ പഠനം സംബന്ധിച്ച ഔദ്യോഗിക നിർദേശം ഇതുവരെ വന്നിട്ടില്ല.
കോവിഡ് ഭീഷണി പൂർണമായി മാറാത്ത സാഹചര്യത്തിൽ നേരിട്ടുള്ള ക്ലാസുകളും വിദൂര വിദ്യാഭ്യാസവും ചേർന്ന നിർദേശമാകും സർക്കാർ പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മിക്ക വിദ്യാർഥികളെയും സ്കൂളിൽ നേരിട്ട് അയക്കാൻ രക്ഷിതാക്കൾ സന്നദ്ധരാണെന്ന് നേരത്തേ നടന്ന സർവേകളിൽ വ്യക്തമായിരുന്നു. എന്നാൽ ചെറിയ ശതമാനം ഇപ്പോഴും കോവിഡ് ഭീതി കാരണം നേരിട്ട് ക്ലാസിൽ പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
വരും മാസങ്ങളിൽ മഹാമാരിയുടെ വ്യാപനം എത്രയായിരിക്കുമെന്നത് പ്രവചിക്കാൻ കഴിയാത്തതും സ്കൂളുകളെ ഇ-ലേണിങ് സംവിധാനം ഒരുക്കി നിർത്താൻ പ്രേരിപ്പിക്കുന്നു. കോവിഡിെൻറ മൂന്നാംതരംഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അടക്കം മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. അതിനിടെ യു.എ.ഇ സർക്കാർ കുട്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകുന്നുണ്ട്.
ഇതിെൻറ ഫലം പുറത്തുവരുകയും കുട്ടികളിൽ വാക്സിൻ ഫലിക്കുന്നതായി കണ്ടെത്തുകയും ചെയ്താൽ കുത്തിവെപ്പ് വ്യാപകമാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട സ്മാർട്ട് ലേണിങ് സംവിധാനങ്ങളാണ് ഇത്തവണ മിക്ക സ്കൂളുകളും ഒരുക്കുന്നത്.
തുടക്കത്തിൽ ഉണ്ടായ പ്രയാസങ്ങൾ മറികടന്ന് കുട്ടികളും ഓൺലൈൻ പഠനത്തിൽ സന്തോഷവാന്മാരാണ്. നേരിട്ട് സ്കൂളുകളിലെത്തുന്ന വിദ്യാർഥികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും സ്കൂളുകൾ ശ്രദ്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.