ദുബൈ: ദുബൈയുടെ വ്യാപാര മേഖലക്ക് കൂടുതൽ ഉണർവ് പകർന്ന് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഞായറാഴ്ച സമാപനം. നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം പകർന്നാണ് ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡി.എഫ്.ആർ.ഇ) നേതൃത്വത്തിൽ ഡി.എസ്.എഫിന്റെ 28ാം സീസൺ അവസാനിക്കുന്നത്. അവസാന ദിവസങ്ങളിൽ മഴയെത്തിയെങ്കിലും മോശമല്ലാത്ത കച്ചവടമാണ് കഴിഞ്ഞയാഴ്ച നടന്നത്.
പുതുവത്സരം, ക്രിസ്മസ് തുടങ്ങിയ ആഘോഷ ദിനങ്ങളിലാണ് ഷോപ്പിങ് ഫെസ്റ്റിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. ഡി.എസ്.എഫിന്റെ ഭാഗമായ സ്ഥാപനങ്ങളിൽ ഈ ദിവസങ്ങളിൽ കച്ചവടം വർധിച്ചിരുന്നു. മലയാളികളുടെ അടക്കം സ്ഥാപനങ്ങളിൽ നിന്ന് നിരവധി സ്വർണ സമ്മാനങ്ങളാണ് ഈ കാലയളവിൽ പ്രവാസികൾ സ്വന്തമാക്കിയത്. ഉപഭോക്താക്കൾക്ക് 10ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപാർട്ട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിരുന്നു.
ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിർഹം വരും. യു.എ.ഇ സർക്കാർ ആരംഭിച്ച ‘ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം’ എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിലേക്ക് സന്ദർകരെ ആസ്വദിക്കാനും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഷോപ്പിങിന് പുറമെ നഗരത്തിലുടനീളം വിവിധ വിനോദ പരിപാടികൾ, സംഗീതകച്ചേരികൾ, അലങ്കാരങ്ങൾ, വെടിക്കെട്ട്, ലൈറ്റ് ഫെസ്റ്റ് എന്നിവ അരങ്ങേറിയിരുന്നു. ഫാഷൻ എക്സ്ക്ലൂസീവ് ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകർഷണീയ ഘടകങ്ങളും ഉൾപെടുത്തി. ഇത്തവണ ഡ്രോൺസ് ലൈറ്റ് ഷോയും നടന്നു. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബൈ സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിങ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള അവസരം കൂടിയായിരുന്നു ഡി.എസ്.എഫ്.
ഫെസ്റ്റിവലിന്റെ അവസാനദിനമായ ഞായറാഴ്ച വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലുടനീളം 2,000ലധികം സ്റ്റോറുകളിൽ 500ലധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ലഭിക്കും. റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.