ദുബൈ: ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് മഹോത്സവമെന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) തീയതികള്‍ പ്രഖ്യാപിച്ചു. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് ഡി.എസ്.എഫിന്റെ 30ാം പതിപ്പിന്റെ തീയതികള്‍ പുറത്തുവിട്ടത്.
ഡിസംബര്‍ ആറ് മുതല്‍ 2025 ജനുവരി 12 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍. 38 ദിവസം നീളുന്ന ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്.
30ാം വാർഷികത്തിലേക്ക് കടക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ 321 ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തത്സമയ ആഘോഷപരിപാടികളിൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംഗീതജ്ഞരുടെയും സെലിബ്രിറ്റികളുടെയും നീണ്ട നിര തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശികവും രാജ്യാന്തര തലത്തിലുമായി 1000ത്തിലധികം ബ്രാൻഡുകൾ ഇത്തവണ പ്രദർശനത്തിനെത്തും. ന്യൂഇയർ ഇവന്റ് ഉൾപ്പെടെ വിവിധ തരത്തിലുള്ള ആഘോഷ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
തീം പാർക്ക്, ഔട്ട് ഡോർ സാഹസിക മത്സരങ്ങൾ എന്നിവക്കൊപ്പം ജീവിതംതന്നെ മാറ്റിമറിക്കാവുന്ന വമ്പൻ സമ്മാനങ്ങളും ഡി.എസ്.എഫ് ഒരുക്കുന്നുണ്ട്. 38 ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളിൽ എല്ലാ ദിവസവും ദുബൈ ലൈറ്റ്സ് പ്രദർശനം, കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൾ ഷോ എന്നിവ സൗജന്യമായി കാണാനും ആസ്വദിക്കാനും അവസരമുണ്ടാകും. പരിപാടിയുടെ മുഴുവൻ വിശദാംശങ്ങൾ അധികൃതർ ഉടൻ പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.