ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതിപാർക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ വൈദ്യുതി പാർക്കിൽ രണ്ടാമത്തെ യൂനിറ്റ് ഉൽപാദനം ആരംഭിച്ചു. 200 മെഗാവാട്ട് ശേഷിയുള്ള യൂനിറ്റാണ് പ്രവർത്തനമാരംഭിച്ചത്.
മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം സോളാർ പാർക്കിലെ നാലാം ഘട്ടത്തിന്റെ ഭാഗമായി നിർമിച്ച പാരാബോളിക് ബേസിൻ കോംപ്ലക്സിലെ രണ്ടാം യൂനിറ്റാണ് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) കമീഷൻ ചെയ്തത്. 1578 കോടി ദിർഹം ചെലവിട്ടാണ് സോളാർ പാർക്കിന്റെ ഈ ഘട്ടം നിർമിക്കുന്നത്. 3,20,000 കുടുംബങ്ങളിലേക്ക് സൗരോർജം എത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഘട്ടം. നാലാംഘട്ടത്തിന്റെ മൊത്തം ഉൽപാദനശേഷി 950 മെഗാവാട്ടാണ്. കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോവോൾടേക്ക് ടെക്നോളജി എന്നീ സാങ്കേതികവിദ്യകൾ സംയുക്തമായി പ്രയോജനപ്പെടുത്തിയാണ് ഇവിടെ സൗരോർജം ഉൽപാദിപ്പിക്കുന്നത്. ഇതുവഴി പ്രതിവർഷം 1.6 ദശലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിൽ പടരുന്നത് തടയാനാകുമെന്ന് ദീവ ചെയർമാനും സി.ഇ.ഒയുമായ മതാർ അൽ തായർ പറഞ്ഞു.
പുതിയ പാർക്ക് പ്രവർത്തനം തുടങ്ങിയതോടെ സൗരോർജ ഉൽപാദനം 2627 മെഗാവാട്ടായി വർധിക്കും. ദീവയുടെ ആകെ ഉൽപാദനശേഷി ഇതുവഴി 15,117 മെഗാവാട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ഊർജ തന്ത്രം 2050ന്റെയും നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050ന്റെയും പ്രധാന ഭാഗമാണ് സോളാർ ഊർജ പദ്ധതി. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ദുബൈയുടെ ഊർജ ആവശ്യത്തിന്റെ 100 ശതമാനവും സൗരോർജമാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതികൾ. 2030ഓടെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഊർജ ഉൽപാദനത്തിന്റെ ആകെ ശേഷി 5,000 മെഗാവാട്ടായി ഉയരും. പ്ലാന്റിന്റെ ആറാം ഘട്ടം പൂർത്തീകരിക്കാൻ മസ്ദറിന് ആഗസ്റ്റിൽ ദീവ കരാർ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.