ദുബൈ: അതിവേഗം വളരുന്ന നിർമിത ബുദ്ധി സാങ്കേതികവിദ്യയിലെ പ്രതിഭകളെയും കമ്പനികളെയും ആകർഷിക്കാൻ ദുബൈ പദ്ധതി. ഇതുസംബന്ധിച്ച മാർഗരേഖ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കി.
എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എമിറേറ്റിലെ എല്ലാ തലത്തിലുമുള്ള ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ലക്ഷ്യവുമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാഷനൽ പ്രോഗ്രാം ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ച് സംഘടിപ്പിച്ച ‘എ.ഐ റിട്രീറ്റ് 2024’ എന്ന പരിപാടിയിലാണ് മാർഗരേഖ പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാർഗരേഖ പുറത്തിറക്കിയത് നിർമിത ബുദ്ധിയുടെ സാധ്യമായ ഉപയോഗങ്ങൾ മനസ്സിലാക്കാനും ദുബൈയുടെ പദവി ഉയർത്തുന്ന നവീനമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
അത്യാധുനിക ഡിജിറ്റൽ സൊലൂഷനുകൾ അടിസ്ഥാനമാക്കി സമ്പദ്വ്യവസ്ഥയുടെ ഉൽപാദനക്ഷമത 50 ശതമാനം വർധിപ്പിച്ച് ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളിലൊന്നാവാനുള്ള ദുബൈയുടെ പദ്ധതിയായ ദുബൈ ഇക്കണോമിക് അജണ്ട ഡി33യെ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കാൻ മുനിസിപ്പാലിറ്റി ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി കാർബൺ പുറന്തള്ളൽ കുറക്കാനും സുസ്ഥിരത ശക്തിപ്പെടുത്താനും തൊഴിലാളികളെ ആശ്രയിക്കുന്നതിൽ കുറവു വരുത്താനും സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്ന ചില മേഖലകൾ നിലവിൽ തന്നെ മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. സംയോജിത മാലിന്യ സംസ്കരണം, മലിനജല സംസ്കരണം, നിർമാണം, കൃഷി എന്നിങ്ങനെ വിവിധ മേഖലകളിൽ നിർമിതബുദ്ധി ഉപയോഗിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.