ദുബൈ: എമിറേറ്റിലെ പഴം, പച്ചക്കറി മാർക്കറ്റിനെ ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബായി മാറ്റാനൊരുങ്ങി ദുബൈ മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി നിലവിലെ മാർക്കറ്റിന്റെ വലിപ്പം ഇരട്ടിയാക്കും. ദുബൈ ഡി.പി വേൾഡും ദുബൈ മുനിസിപ്പാലിറ്റിയും തമ്മിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഫസ്റ്റ് ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ. ബുധനാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെ ഇദ്ദേഹംതന്നെയാണ് വമ്പൻ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
നിലവിലെ മാർക്കറ്റിന്റെ വികസന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ആഗോള വിപണികളുമായുള്ള ദുബൈയുടെ വ്യാപാര ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. കയറ്റുമതി, പുനർകയറ്റുമതി രംഗത്ത് പശ്ചിമേഷ്യയിലെയും ലോകത്തെ വിവിധ മേഖലകളിലെയും പ്രധാന കേന്ദ്രമായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ശൈഖ് മക്തൂം പറഞ്ഞു.
ചരക്ക് ഗതാഗതം കാര്യക്ഷമമാക്കുന്നതിനായി മാർക്കറ്റിൽ ലോകോത്തര നിലവാരത്തിൽ ഏറ്റവും ആധുനികമായ അടിസ്ഥാന സൗകര്യങ്ങളായിരിക്കും സജ്ജമാക്കുക. രാജ്യത്തെ ഭക്ഷ്യസുരക്ഷ നയങ്ങളെ പിന്തുണക്കുന്നതിനൊപ്പം നിക്ഷേപകർക്ക് മികച്ച വാണിജ്യ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡി.പി വേൾഡ് നിയന്ത്രിക്കുന്ന പഴം, പച്ചക്കറി വിപണിയുടെ വിപുലീകരണത്തിലൂടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കൂടുതൽ നിക്ഷേപ അവസരങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. മുഴുവൻ നടപടിക്രമങ്ങളും കാര്യക്ഷമമായും എളുപ്പത്തിലും പൂർത്തീകരിക്കാൻ ഒരു ഏകീകൃത വ്യാപാര ജാലകം അവതരിപ്പിക്കാനും കരാറിന് കീഴിൽ ഇരുസ്ഥാപനങ്ങളും ധാരണയായിട്ടുണ്ട്.
സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ അഭിമുഖീകരിക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കാനും ഏറ്റവും മികച്ച സംവിധാനമായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വികസന കാഴ്ചപ്പാടുകൾക്ക് കീഴിലും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടത്തിന് കീഴിലും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഏറ്റവും നൂതനമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.