ദുബൈ: സ്വകാര്യ മേഖലയുമായി സഹകരിച്ച് ചരക്കുവാഹനങ്ങൾക്കായി ദുബൈയിൽ ചെറുതും വലുതുമായ 19 വിശ്രമകേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതിയിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 1000 ട്രക്കുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുംവിധത്തിൽ ആകെ മൂന്നു ലക്ഷം ചതുരശ്ര മീറ്ററിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കുന്നത്. ദേശീയ ഓയിൽ കമ്പനിയായ അഡ്നോക്, അൽമുതകമല വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ എന്നിവയുമായി സഹകരിച്ചാണ് മൂന്നു വലിയ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. അഡ്നോക്കിന്റെ സഹായത്തോടെ ഒരു വലിയ വിശ്രമകേന്ദ്രവും അൽമുതകമല വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷനുമായി സഹകരിച്ച് രണ്ടു വലിയ വിശ്രമകേന്ദ്രങ്ങളുമാണ് നിർമിക്കുക. കൂടാതെ, ആറിടങ്ങളിലായി 16 ചെറു വിശ്രമകേന്ദ്രങ്ങളും നിർമിക്കും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ജബൽ അലി-ലഹ്ബാബ് റോഡ്, അൽ അവീർ റോഡ്, ദുബൈ-അൽ ഐൻ റോഡ്, ദുബൈ ഹത്ത റോഡ് എന്നിവിടങ്ങളിലാണ് 16 ചെറിയ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. ആകെ 2,26,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് മൂന്നു വലിയ പാർക്കിങ് കേന്ദ്രങ്ങൾ. ഓരോന്നിനും 120 മുതൽ 200 ട്രക്കുകൾ വരെ നിർത്തിയിടാൻ ശേഷിയുണ്ട്. ഡീസൽ പമ്പുകൾ, മോട്ടലുകൾ, വർക് ഷോപ്പുകൾ, റസ്റ്റാറന്റുകൾ, ഭരണനിർവഹണ കെട്ടിടങ്ങൾ, പ്രാർഥനമുറികൾ, ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, ഫാർമസികൾ, എക്സ്ചേഞ്ചുകൾ, അലക്കുകേന്ദ്രങ്ങൾ, ഡ്രൈവർമാരുടെ ക്ഷേമത്തിനായുള്ള മറ്റു സേവനകേന്ദ്രങ്ങൾ തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് ഓരോ പാർക്കിങ് കേന്ദ്രത്തിലും സജ്ജീകരിക്കുക.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ജബൽ അലി ഫ്രീ സോണിന്റെയും അടുത്തായി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡരികിലാണ് അൽമുതകമല വെഹിക്കിൾ സ്റ്റേഷനു കീഴിലുള്ള ഒന്നാമത്തെ വിശ്രമകേന്ദ്രം. 200 ട്രക്കുകൾ നിർത്തിയിടാൻ കഴിയുന്ന ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. രണ്ടാമത്തെ പാർക്കിങ് കേന്ദ്രം ദുബൈ ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള പ്രവേശന ഭാഗത്തിന് അടുത്തായാണ് നിർമിക്കുന്നത്. 51,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കേന്ദ്രത്തിൽ ഏതാണ്ട് 120 ട്രക്കുകൾക്ക് പാർക്ക് ചെയ്യാനാവും.
അഡ്നോക്കിന്റെ സഹകരണത്തോടെ നിർമിക്കുന്ന മൂന്നാമത്തെ പാർക്കിങ് കേന്ദ്രം അൽ തായ് റേസ്ട്രാക്കിന് അടുത്തായി എമിറേറ്റ് റോഡിലാണ്. 76,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇവിടെ 150 ട്രക്കുകൾ പാർക്ക് ചെയ്യാനാവും. 5000 മുതൽ 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് 16 ചെറു വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. ഇതിൽ 30 മുതൽ 40 വരെ ട്രക്കുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.