ദുബൈ: മികച്ച ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നവർക്ക് വൻതുക സമ്മാനം നൽകുന്ന ആപ് ഒളിമ്പിക്സ് പ്രഖ്യാപിച്ച് ദുബൈ. ഒന്നരലക്ഷം ഡോളർ വരെ സമ്മാനത്തുകയുള്ള മത്സരമാണ് ദുബൈ കിരീടാവകാശി പ്രഖ്യാപിച്ചത്. മത്സരത്തിലേക്ക് ഞായറാഴ്ച മുതൽ രജിസ്ട്രേഷൻ തുടങ്ങി.
ആപ് ഒളിമ്പിക്സിൽ നാല് വിഭാഗങ്ങളിലായാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. മികച്ച യൂത്ത് ആപ്, ഏറ്റവും സ്വാധീനമുണ്ടാക്കിയ ആപ്, ഏറ്റവും പുതുമയുള്ള ആപ്, മൊബൈൽ ഗെയിമിങ് രംഗത്തെ ഇൻഡസ്ട്രി ഓഫ് ദ ഇയർ വിഭാഗം എന്നിവയിലാണ് പുരസ്കാരം. ജൈടെക്സ് മേളയുടെ ഭാഗമായി നടക്കുന്ന എക്സ്പാന്റ് നോർത്ത് സ്റ്റാർ സ്റ്റാർട്ടപ് സമ്മേളനത്തിലായിരുന്നു ആപ് ഒളിമ്പിക്സിന്റെ പ്രഖ്യാപനം.
ജേതാക്കൾക്ക് കാഷ് അവാർഡ്, ആറുമാസം നീളുന്ന മെന്റർഷിപ് പദ്ധതി തുടങ്ങി ഒന്നരലക്ഷത്തിലേറെ ഡോളർ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക. ഡിജിറ്റൽ മുന്നേറ്റങ്ങളുടെ കേന്ദ്രമായി ദുബൈയെ മാറ്റുക എന്ന ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച ക്രിയേറ്റ് ആപ്സ് ഇൻ ദുബൈ പദ്ധതിയുടെ ഭാഗമാണ് ആപ് ഒളിമ്പിക്സ്.
ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമിയാണ് ആപ് ഒളിമ്പിക്സിന്റെ സംഘാടകർ. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള ആപ് ഡെവലപ്പർമാർക്കും ഇതിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. അടുത്തമാസം 13 വരെ മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.