ദുബൈ: താൽക്കാലിക കോവിഡ് ആശുപത്രിയായിരുന്ന ദുബൈ വേൾഡ് ട്രേഡ് സെൻററിൽ അടുത്തമാസം മുതൽ പരിപാടികൾ പുനരാരംഭിക്കും. ഇൗവർഷം രണ്ടാംപാദം മുതൽ എക്സിബിഷനും വ്യാപാര സംഗമങ്ങളും മേളകളും ആരംഭിക്കാൻ തീരുമാനിച്ചതായി ട്രേഡ് സെൻറർ അതോറിറ്റി ഡയറക്ടർ ജനറൽ ഹെലാൽ സഇൗദ് അൽമാറി അറിയിച്ചു. വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈയെ പഴയരീതിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം സജീവമായി തുടരുകയാണ്. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും പരിപാടി സംഘടിപ്പിക്കുക. പതുക്കെയാണെങ്കിലും ജാഗ്രതേയാടെ ഉയിർത്തെഴുന്നേൽക്കുകയാണ് ദുബൈയുടെ സാമ്പത്തിക മേഖല. സ്വദേശികളെയും വിദേശികളെയും ആകർഷിക്കുന്നതിന് കൂടുതൽ നടപടിയെടുക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാര സംഗമങ്ങൾക്കും അന്താരാഷ്ട്ര മേളകൾക്കും വേദിയായിരുന്ന ദുബൈ വേൾഡ് ട്രേഡ് സെൻറർ കോവിഡ് കാലത്ത് 3000 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള ഫീൽഡ് ആശുപത്രിയായി മാറിയിരുന്നു. തീവ്രപരിചരണം ആവശ്യമായി വന്ന 800 രോഗികൾക്കും ഇവിടെ ചികിത്സ ഒരുക്കിയിരുന്നു. എന്നാൽ, രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് ട്രേഡ് സെൻറർ പഴയ നില വീണ്ടെടുക്കുന്നത്. ട്രേഡ് സെൻറർ തുറക്കുന്നതോടെ ലോകമെങ്ങുമുള്ള സഞ്ചാരികളും സംരംഭകരും ഇവിടേക്കെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃർ. വിനോദ-വിജ്ഞാന മേളകളുടെ ഷാർജയിലെ സ്ഥിരം കേന്ദ്രമായ ഷാർജ എക്സ്പോ സെൻററും സമാനരീതിയിൽ കോവിഡ് രോഗികൾക്ക് പരിചരണമൊരുക്കുന്നതിനായി ആശുപത്രിയാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.