ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരങ്ങളിലൊന്നായ ദുബൈ ലോകകപ്പിന്‍റെ 26ാം എഡിഷൻ ഇന്ന് നടക്കും. ദുബൈ മെയ്ദാൻ റേസ് കോഴ്സിൽ രാത്രിയാണ് മത്സരം. 20 രാജ്യങ്ങളിലെ 750ഓളം കുതിരകളാണ് വിവിധ മത്സരങ്ങളിലായി ട്രാക്കിലിറങ്ങുന്നത്. 30.5 ദശലക്ഷം ഡോളർ സമ്മാനത്തുകയുള്ള മേളയാണിത്. ഫൈനൽ വിജയിയെ മാത്രം കാത്തിരിക്കുന്നത് 1.2 കോടി ഡോളറാണ്. യു.എ.ഇ രാജകുടുംബാംഗങ്ങളുടെ കുതിരകൾ ഉൾപ്പെടെ മാറ്റുരക്കും. 80,000 കാണികൾ ഗാലറിയിലെത്തുമെന്നാണ് പ്രതീക്ഷ.
വൈകീട്ട് 3.45 മുതൽ ഒമ്പത് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. ആദ്യം നടക്കുന്ന 2000 മീറ്റർ ഖയാല ക്ലാസിക്കിലെ ജേതാവിന് 10 ലക്ഷം ഡോളറാണ് സമ്മാനം.ഗോഡോൾഫിൻ മൈൽ (10 ലക്ഷം ഡോളർ), ഗോൾഡ് കപ്പ് (10ലക്ഷം ഡോളർ), അൽകൂസ് സ്പ്രിന്‍റ് (15 ലക്ഷം ഡോളർ), യു.എ.ഇ ഡെർബി (10 ലക്ഷം ഡോളർ), ഗോൾഡൻ ഷഹീൻ (20 ലക്ഷം ഡോളർ), ദുബൈ ടർഫ് (50 ലക്ഷം ഡോളർ), ഷീമ ക്ലാസിക് (60 ലക്ഷം ഡോളർ), ദുബൈ വേൾഡ് കപ്പ് (1.2 കോടി ഡോളർ) എന്നിങ്ങനെയാണ് മത്സരങ്ങളും സമ്മാനങ്ങളും.ഒമ്പത് തവണ കപ്പ് നേടിയ ഗൊഡോൾഫിന്‍റെ സഈദ് ബിൻ സുറൂറാണ് ഇതുവരെ ഏറ്റവും കൂടുതൽ ജേതാവായ പരിശീലകൻ. നാല് തവണ കിരീടത്തിലേക്ക് കുതിച്ചെത്തിയ ജെറി ബെയ്ലിയാണ് കൂടുതൽ തവണ ഒന്നാമതെത്തിയ ജോക്കി.
ഇത്തവണ കിരീട പ്രതീക്ഷയിൽ മുമ്പൻ അമേരിക്കയുടെ ലൈ ഈസ് ഗുഡാണ്. ഹോട്ട് റോഡ് ചാർലി, കൺട്രി ഗ്രാമർ എന്നിവരും കിരീടപ്രതീക്ഷ വെച്ചുപുലർത്തുന്നു. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജുകളും ലഭ്യമാണ്. ദുബൈ റേസിങ് ക്ലബിന്‍റെ വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം. മെയ്ദാൻ റേസ് കോഴ്സിന്‍റെ ഗേറ്റ് ബിയിലും ടിക്കറ്റ് വിൽപനയുണ്ടാവും. ദുബൈ റേസിങ് ടി.വി, ദുബൈ റേസിങ് ക്ലബിന്‍റെ സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി തത്സമയം ആസ്വദിക്കാനും കഴിയും. 11,400 വാഹനങ്ങൾക്ക് പാർക്കിങ്ങിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ആർ.ടി.എ അറിയിച്ചു. 4500 ടാക്സികൾ ഇവിടേക്ക് സർവിസ് നടത്തും. രാത്രി 11.30ഓടെ സമാപിക്കും. റേസിന്‍റെ വാഹനത്തിരക്ക് മൂലം ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെ മെയ്ദാൻ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും ആർ.ടി.എ മുന്നറിയിപ്പ് നൽകി.
റേസിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ സ്വാഗതം ചെയ്യാൻ ദുബൈ ബുർജ് പാർക്കിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തിരുന്നു. കുതിരകളുടെ ഉടമകൾ, പരിശീലകർ, ജോക്കികൾ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.