ദുബൈ: സർവകാല റെക്കോഡ് നേട്ടവുമായി കരുത്ത് തെളിയിച്ച് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈദുബൈ വിമാനക്കമ്പനി. കഴിഞ്ഞ വർഷത്തെ ലാഭക്കണക്കുകൾ പുറത്തുവന്നപ്പോഴാണ് കോവിഡിന് മുമ്പത്തെ റെക്കോഡ് അടക്കം ഭേദിച്ച് കമ്പനി നേട്ടംകൊയ്തത്. 2023ൽ കമ്പനിയുടെ ലാഭം 210 കോടി ദിർഹമാണ് രേഖപ്പെടുത്തിയത്. ആകെ 1.38 കോടി യാത്രക്കാരാണ് കമ്പനിയുടെ വിമാനങ്ങളിൽ കഴിഞ്ഞ വർഷം സഞ്ചരിച്ചത്. കോവിഡിനുമുമ്പ് 1.1 കോടി യാത്രക്കാർ സഞ്ചരിച്ച റെക്കോഡ് മറികടന്നാണ് മുന്നേറ്റം രേഖപ്പെടുത്തിയത്.
കഴിഞ്ഞവർഷത്തെ കമ്പനിയുടെ വരുമാനം 1,120 കോടിയാണ്. 2022ൽ 910 കോടി ദിർഹമായിരുന്നതാണ് വലിയ വർധന രേഖപ്പെടുത്തിയത്. 23 ശതമാനമാണ് വരുമാന വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ സഹോദര സ്ഥാപനമായ ഫ്ലൈദുബൈയും ദുബൈ വിമാനത്താവളം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 52 രാജ്യങ്ങളിലായി 122 ലൊക്കേഷനുകളിലേക്ക് പറക്കുന്ന ഫ്ലൈദുബൈക്ക് 84 വിമാനങ്ങളാണുള്ളത്. വിവിധ വകുപ്പുകളിലായി 2023ൽ 1,000ത്തിലധികം പുതിയ ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ഇതിലൂടെ ഫ്ലൈദുബൈയിലെ ആകെ ജീവനക്കാരുടെ എണ്ണം 5,545 ആയി. പുതിയ റിക്രൂട്ട്മെൻറുകളിൽ 73 ശതമാനവും പൈലറ്റുമാരും കാബിൻ ക്രൂ അംഗങ്ങളും എൻജിനീയർമാരുമാണ്. കൂടുതൽ വിമാനങ്ങൾ കമ്പനി ഉൾപ്പെടുത്തിയതോടെയാണ് പുതുതായി ജീവനക്കാരെ നിയമിച്ചത്. പുതിയ നിയമനങ്ങളോടെ ആകെ ജീവനക്കാരിൽ യു.എ.ഇ പൗരന്മാരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചിട്ടുമുണ്ട്.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളം വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത് 8.7 കോടി പേരാണ്. മഹാമാരിയുടെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമായ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബൈയിലേത്. കഴിഞ്ഞ വർഷം 4,16,405 വിമാനങ്ങളാണ് വിമാനത്താവളം വഴി സർവിസ് നടത്തിയത്.
ഇതനുസരിച്ച് മുൻ വർഷത്തേക്കാൾ വിമാനങ്ങളുടെ എണ്ണം 21.3 ശതമാനം വർധിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും കൂടുതൽ എണ്ണമാണ് 2023ൽ രേഖപ്പെടുത്തിയത്. ഡിസംബർ മാസമായിരുന്നു വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ മാസമെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു. നിലവിൽ 104 രാജ്യങ്ങളിലെ 262 കേന്ദ്രങ്ങളിലേക്ക് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.