ദുബൈ: ലോകത്തിലെ ഏറ്റവും സുന്ദരമായ നിർമിതികളിലൊന്നായി വിശേഷിക്കപ്പെടുന്ന ദുബൈയിലെ ഫ്യൂചർ മ്യൂസിയത്തിന് രണ്ടു വയസ്സ്. ഭാവി ലോകത്തെ അടയാളപ്പെടുത്താനും അതിലേക്കുള്ള ഗവേഷണങ്ങളും ലക്ഷ്യമിട്ടാണ് ദുബൈ നഗരത്തിൽ ഫ്യൂച്ചർ മ്യൂസിയം നിർമിച്ചത്. 2017ൽ നിർമാണമാരംഭിച്ച മനോഹര കെട്ടിടം പൂർത്തിയാക്കി 2022 ഫെബ്രുവരി 22നാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.
ദുബൈ നഗരത്തിന്റെ പ്രധാന ഐക്കണുകളിലൊന്നാണ് വേറിട്ട ഈ നിർമിതി. ഇതിനകം 172 രാജ്യങ്ങളിൽനിന്നായി 20 ലക്ഷം പേർ മ്യൂസിയം സന്ദർശിച്ചുവെന്നാണ് കണക്ക്. ഇതിൽ 40 രാഷ്ട്രനേതാക്കളും ഉൾപ്പെടും. ശ്രദ്ധേയമായ 280 പരിപാടികൾക്ക് ഫ്യൂച്ചർ മ്യൂസിയം ഇക്കാലയളവിനിടയിൽ വേദിയായിട്ടുണ്ട്. 370 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും ഈ അപൂർവ കേന്ദ്രത്തെ ലോകത്തിന് പരിചയപ്പെടുത്താൻ മ്യൂസിയത്തിലെത്തിയതായി അധികൃതർ വ്യക്തമാക്കി.
കണ്ണുകളെ അത്ഭുതപ്പെടുത്തുന്ന ദുബൈയിലെ നിരവധി നിർമിതികളിൽ ഏവരെയും ആകർഷിക്കുന്നതാണ് ശൈഖ് സായിദ് റോഡിന് സമീപത്തെ ‘മ്യൂസിയം ഓഫ് ദ ഫ്യൂചർ’. മുട്ടയുടെ ആകൃതിയിൽ സ്റ്റീലിൽ തിളങ്ങുന്ന അറബി കാലിഗ്രഫി കൊണ്ട് അലങ്കരിച്ച ശിൽപഭംഗി ആരുടെയും ശ്രദ്ധ പിടിക്കും. ലോകത്തെ ഏറ്റവും സുന്ദരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം സ്ഥാനം പിടിച്ചിട്ടുണ്ട്. 30,000 സ്ക്വയർ മീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന, തൂണുകളില്ലാത്ത ഈ ഏഴുനില നിർമിതിക്ക് 77 മീറ്റർ ഉയരമുണ്ട്. 17,000 സ്ക്വയർ മീറ്ററിലധികമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് പൂർണമായും റോബോട്ടുകൾ നിർമിച്ച 1024 പ്ലേറ്റുകൾ ഉൾക്കൊള്ളുന്നു. പശ്ചിമേഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഇതിൽ 14,000 മീറ്റർ ഇല്യൂമിനേറ്റഡ് അറബിക് കാലിഗ്രഫിയാണ് ഉൾകൊള്ളുന്നത്. പ്രമുഖ ഇമാറാത്തി കലാകാരൻ മത്വാർ ബിൻ ലഹ്ജാണിത് വരച്ചെടുത്തത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രസിദ്ധമായ കവിതാ ശകലങ്ങളാണ് കാലിഗ്രഫിയിലെ ഉള്ളടക്കം. ദുബൈ വൈദ്യുതി-ജല വകുപ്പുമായി (ദീവ) സഹകരിച്ച് കെട്ടിടത്തിന് സമീപത്ത് ഊർജ ആവശ്യത്തിന് സോളാർ എനർജി സ്റ്റേഷനും നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.