ദുബൈ: വിദേശരാജ്യങ്ങളിൽനിന്ന് തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക് ഒഴുക്ക് തുടരുന്നത് നഗരത്തിന്റെ ജനസംഖ്യ വളർച്ചയുടെ വേഗം വർധിപ്പിക്കുന്നു. ഈ വർഷം ആദ്യ മൂന്നു മാസത്തിൽ മാത്രം 25,776 പേർ ദുബൈയിൽ പുതുതായി താമസമാക്കിയെന്ന് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് വളർച്ചയുടെ വേഗം കൂടിയതായി ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് വരെയുള്ള കണക്കനുസരിച്ച് ആകെ എമിറേറ്റിലെ ജനസംഖ്യ 36.80 ലക്ഷമാണ്. കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസങ്ങളിൽ 25,489 പേരാണ് എത്തിയിരുന്നത്.
ഗോൾഡൻ വിസ, സിൽവർ വിസ എന്നിവയടക്കമുള്ള പുതിയ റസിഡൻസി സ്കീമുകളിലേക്ക് ധാരാളമായി വിദേശികൾ ആകർഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സമ്പന്നരായ നിരവധിപേർ നിക്ഷേപത്തിന് ദുബൈയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡേറ്റ പ്രകാരം 2021 ജനുവരി മുതൽ എമിറേറ്റിലെ ജനസംഖ്യ 2.69 ലക്ഷം വർധിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ മാസവും ശരാശരി 6,900 പുതിയ താമസക്കാരുടെ വർധനയാണ് അടയാളപ്പെടുത്തിയത്.
ശക്തമായ സാമ്പത്തിക വളർച്ച കൂടുതൽ വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനാൽ വരും വർഷങ്ങളിലും ദുബൈയിലെയും യു.എ.ഇയിലെയും ജനസംഖ്യ വർധിക്കാൻ തന്നെയാണ് സാധ്യത. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ജനസംഖ്യയിലെ ഈ വർധന വാടകക്കും മറ്റുമുള്ള പ്രോപ്പർട്ടികളുടെ ആവശ്യം വർധിക്കാൻ കാരണമായിട്ടുണ്ട്. 2024ൽ പണപ്പെരുപ്പം 2.5 ശതമാനമായി ഉയരുമെന്ന് യു.എ.ഇ സെൻട്രൽ പ്രവചിക്കുന്നുണ്ട്. എന്നാൽ, ഇത് ലോക ശരാശരിയേക്കാൾ വളരെ കുറവായ നിലയിലാണ്.
ലോകത്തെ ശതകോടീശ്വരൻമാർ കേന്ദ്രമാക്കിയ നഗരങ്ങളുടെ പട്ടികയിൽ ദുബൈക്ക് 28ാം സ്ഥാനമാണുള്ളത്. ഈ വർഷത്തെ ഹുറുൺ ഗ്ലോബൽ റിച്ച് പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 21 അതിസമ്പന്നരാണ് ദുബൈയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.