ദുബൈ: ലിഫ്റ്റ് യാത്രക്കിടെ അവിചാരിതമായി ദുബൈ ഭരണാധികാരിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മലയാളി കുടുംബം. മുംബൈയിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയായ അനസ് റഹ്മാൻ ജുനൈദിനും കുടുംബത്തിനുമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം ലിഫ്റ്റിൽ യാത്ര ചെയ്യാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചത്.
ഇദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുവ സംരംഭകനായ അനസ് റഹ്മാൻ ജുനൈദും കുടുംബവും ദുബൈയിലെത്തിയത്.
പ്രമുഖ രാഷ്ട്രീയ നേതാവ് പരേതനായ എം.ഐ. ഷാനവാസിന്റെ സഹോദരൻ ഡോ. ജുനൈദിന്റെ മകനാണിദ്ദേഹം. ദുബൈയിലെ അറ്റ്ലാന്റിസ് മാളിലെ 22ാം നിലയിലായിരുന്നു ഇവരുടെ താമസം.
21ാം നിലയിൽ എത്തിയപ്പോഴാണ് ദുബൈ ഭരണാധികാരി ലിഫ്റ്റിൽ കയറിയതെന്ന് അനസ് പറഞ്ഞു. പുഞ്ചിരിയോടെ ലിഫ്റ്റിലേക്ക് പ്രവേശിച്ച അദ്ദേഹം കുടുംബത്തോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. കുട്ടികളോട് താൻ ആരാണെന്ന് ചോദിച്ച ഭരണാധികാരി കുടുംബത്തോടൊപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. ഭരണാധികാരിയുടെ ജന്മദിനത്തിൽ കുടുംബത്തിന് മറക്കാനാവാത്ത അനുഭവമാണിതെന്നും അനസ് പറഞ്ഞു. ശൈഖ് മുഹമ്മദിനൊപ്പം അനസും കുടുംബവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.