ദുബൈ: ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം 16 വയസിന് മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നിയമം ഉടൻ പ്രാബല്യത്തിൽവരും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) എക്സിക്യുട്ടീവ് ഡയറക്ടർ ഹുസൈ മുഹമ്മദ് അൽ ബന്നയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ചിനുള്ളിൽ നിയമം നടപ്പാക്കും.
ഇ-സ്കൂട്ടുറകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന അഞ്ച് സോണുകളിൽ നിയമം നിലവിലുണ്ട്. മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും. മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ്, ജുമൈറ ലേക് ടവർ, ദുബൈ ഇന്‍റർനാഷനൽ സിറ്റി, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ എന്നിവിടങ്ങളിലാണ് നിയമം നേരത്തെ നടപ്പാക്കിയത്. ഉടൻ പത്ത് മേഖലകളിലേക്ക് കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിക്കുന്നുണ്ട്. പിന്നീട് 23 മേഖലകളിലേക്കും എത്തും.
നേരത്തെ 14 വയസായിരുന്നതാണ് 16 ആക്കി ഉയർത്തുന്നത്. നിശ്ചിത ട്രാക്കിലൂടെ മാത്രമെ ഇ-സ്കൂട്ടർ ഓടിക്കാവൂ എന്ന് പൊലീസ് കർശന നിർദേശം നൽകുന്നു. ഇ-സ്കൂട്ടർ യാത്രികരുടെയും കാൽനടക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളാണ് ഒരുക്കുന്നത്. ഇ-സ്കൂട്ടറുകളുടെ വേഗത പരമാവധി മണിക്കൂറിൽ 20 കിലോമീറ്ററായി നിശ്ചയിക്കും. ഹെഡ്ലൈറ്റും ടെയ്ൽ ലൈറ്റും ഉണ്ടായിരിക്കണം.
കാർ ഹോൺ പോലെയോ സൈക്ക്ൾ ബെൽ പോലെയോ ഉള്ള ഡിവൈസ് ഘടിപ്പിച്ചിരിക്കണം. മുമ്പിലെയും പുറകിലെയും വീലുകളിൽ ബ്രേക്കുണ്ടാവണം. യു.എ.ഇയിലെ ഏത് കാലാവസ്ഥയിലും ഓടിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം നിർമാണം. റൈഡർമാർ ഹെൽമറ്റ് ധരിക്കണം. നിശ്ചയിച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ മാത്രമെ നിർത്തിയടാവു. കാൽനടയാത്രികരിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ബാലൻസ് നഷ്ടപ്പെടുന്ന രീതിയിലുള്ള വസ്തുക്കൾ ഇ-സ്കൂട്ടറിൽ കയറ്റരുത്. ഒരാളിൽ കൂടുതൽ കയറരുത്.
റോഡിലെ സൂചന ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കണം. അപകടങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണം. ഹെഡ് ഫോണോ ഇയർഫോണോ ഉപയോഗിക്കരുത്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കരുത്. നിശ്ചിത വസ്ത്രങ്ങളും പാദരക്ഷകളുമായിരിക്കണം റൈഡർമാർ ധരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.