ദുബൈ: കോവിഡ് വന്ന് അധ്യയനം ഓൺലൈനിലേക്ക് മാറിയതോടെ ലാപ്ടോപിലും ടാബ്ലെറ്റുകളിലുമായി നമ്മുടെ കുട്ടികളുടെ പഠനം. പുതിയ ടാബും ലാപ്ടോപും കിട്ടിയതോടെ പഴയതെല്ലാം നാം എന്തുചെയ്യും? മാലിന്യക്കൊട്ടയിലേക്ക് കളയുമെന്ന് പറയാൻ വരട്ടെ, ഇൗ ശീലം ചെറുപ്പത്തിൽതന്നെ തിരുത്തുകയാണ് ഷാർജയിലെ ഒരു മലയാളി അധ്യാപിക. നാം വലിച്ചെറിയുന്ന ഓരോ പഴയ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രകൃതിക്കും മനുഷ്യജീവനും വരുത്തുന്ന അപകടം എത്രമാത്രം വലുതാണെന്ന് വിശദീകരിക്കുകയാണ് നാദിയ സൈനൽ എന്ന എറണാകുളം സ്വദേശിയായ ഇൗ അധ്യാപിക.
ഉപേക്ഷിക്കുന്ന ഇ-മാലിന്യം ശേഖരിച്ചു കൈമാറൽ മാത്രമല്ല, ഇതിനായി വിപുലമായ ബോധവത്കരണ കാമ്പയിനുതന്നെ ഷാർജയിൽ തുടക്കം കുറിച്ചിരിക്കുകയാണ് ഷാർജ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിലെ ഇൗ അധ്യാപിക. 'ഗ്രീൻ പ്ലഗ് ഇ-സൈക്കിൾ യു.എ.ഇ' എന്ന് പേരിട്ട കാമ്പയിനിൽ ഇന്ന് ആയിരങ്ങളാണ് കണ്ണിചേർന്നിരിക്കുന്നത്.
തുടക്കത്തിൽ ക്ലാസ് മുറികളിലും സ്കൂൾ കാമ്പസിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഹരിത കാമ്പയിൻ ഇന്ന് ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
ആദ്യഘട്ടത്തിൽ കുട്ടികളും അധ്യാപകരും മാത്രമാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എത്തിച്ചതെങ്കിൽ ഇന്ന് സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രകൃതിക്ക് കരുതലൊരുക്കാൻ ഇ-മാലിന്യം ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാക്കുന്നതിനായി നാദിയ ടീച്ചറെയും സംഘത്തെയും തേടിയെത്തുന്നത്.
നാം ഒരു മിനിറ്റ് സ്വന്തം മുറിയിൽ ഒന്ന് തിരഞ്ഞാൽതന്നെ ഉപയോഗശൂന്യമായ ഒരു കേബ്ൾ അല്ലെങ്കിൽ ചാർജർ, ഹെഡ്സെറ്റ് എങ്കിലും ലഭിക്കും. എല്ലാ വീടുകളിലും തിരഞ്ഞുനോക്കിയാലോ ഇ-മാലിന്യങ്ങളുടെ അളവ് വലുതായിരിക്കും. അപ്പോൾ ആഗോളതലത്തിൽ ഓരോ ദിവസവും പുറന്തള്ളുന്ന ഇലക്ട്രോണിക് മാലിന്യങ്ങളുടെ കണക്ക് എത്രയായിരിക്കും. ഇതിനൊക്കെ പിന്നീട് എന്താണ് സംഭവിക്കുന്നത്. ഇതൊക്കെ എവിടെയാണ് ചെന്നെത്തുന്നത്. പലർക്കും അറിയാത്തതോ ആരും അധികം ചിന്തിക്കാത്തതോ ആയ ഒരു കാര്യമാണത്. നിസ്സാരമായി വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യത്തിന് നമ്മുടെ പ്ലാസ്റ്റിക്കിനെക്കാൾ ദോഷകരമായ മലിനീകരണം ഉണ്ടാക്കാൻ പതിന്മടങ്ങു ശേഷിയുണ്ടെന്ന് നാം ചിന്തിക്കുന്നുണ്ടോ -നാദിയ ടീച്ചറുടെ ബോധവത്കരണ പരിപാടി തുടങ്ങിയാൽ അക്കമിട്ട് എണ്ണുന്ന മാലിന്യത്തിെൻറ അളവ് ഏവരെയും ഭയപ്പെടുത്തുന്നതായിരിക്കും. ഷാർജ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിെൻറ പിന്തുണയാണ് കാമ്പയിന് ഉൗർജം പകരുന്നതെന്നും ടീച്ചർ വ്യക്തമാക്കുന്നു.
ഇ-മാലിന്യം ശേഖരിക്കുന്നതിൽ മാത്രം തീരുന്നതല്ല നാദിയ ടീച്ചറുടെ ഉത്തരവാദിത്തം.
അത് വേർതിരിച്ച് റീസൈക്ക്ൾ ചെയ്യുന്ന പാകത്തിലാക്കി ഷാര്ജയിലെ ആഗോള ശ്രദ്ധനേടിയ പരിസ്ഥിതി മാനേജ്മെൻറ് കമ്പനിയായ 'ബിഅ'ക്ക് കൈമാറുന്നതു വരെ അതിജാഗ്രതയിലാണ് കാമ്പയിൻ മുന്നോട്ടുപോകുന്നത്.
മറ്റാർക്കെങ്കിലും നൽകിയാൽ അവ വീണ്ടും വലിച്ചെറിയപ്പെടുമെന്ന ഭയമുണ്ട് ടീച്ചർക്ക്. അതുകൊണ്ടു തന്നെയാണ് ഷാർജയിലെ സർക്കാർ സ്ഥാപനത്തെത്തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനകം ടൺ കണക്കിന് ഇ-മാലിന്യം 'ബിഅ'ക്ക് കൈമാറിക്കഴിഞ്ഞു ടീച്ചർ. ഇ-മാലിന്യം ശേഖരിക്കാനും ബോധവത്കരണം സജീവമാക്കാനും www.greenplug-ecycleuae.com എന്ന പേരിൽ വെബ്സൈറ്റും തയാറാക്കിക്കഴിഞ്ഞു. വീടുകളിൽ കുന്നുകൂടി കിടക്കുന്ന ഇ-മാലിന്യങ്ങളുണ്ടെങ്കിൽ ധൈര്യമായി വെബ്സൈറ്റിലേക്ക് സന്ദേശമയക്കാം. സ്ഥലത്തെത്തി അവ ശേഖരിക്കാൻ ടീച്ചറും സംഘവും റെഡിയാണ്.
വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങൾ മുഖേനയും പോഡ് കാസ്റ്റുകൾ തയാറാക്കിയുമാണ് ജീവെൻറ നിദാനമായ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും കാത്തുസംരക്ഷിക്കാനുള്ള നാദിയ ടീച്ചറുടെ ഒറ്റയാൾ പോരാട്ടം തുടരുന്നത്. എമിറേറ്റുകളിലുടനീളം നിരവധി ബോധവത്കരണ ക്ലാസുകളും സെമിനാറുകളും ഒപ്പം മാലിന്യത്തിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള ശിൽപശാലകളും ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
കൂടുതൽ സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ച് യു.എ.ഇയിലുടനീളം വിപുലമായ ബോധവത്കണം ഒരുക്കുകയാണ് നാദിയ ടീച്ചറുടെ ലക്ഷ്യം. ഐ.ടി പ്രഫഷനലായ സൈനൽ ഇബ്രാഹിമാണ് ഭർത്താവ്. മക്കൾ: ഐൻ സമ, അലിഹ് സെഹ്ൻ (ഇരുവരും വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.