ദുബൈ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വലക്കുന്ന ഭൂമിക്ക് സംരക്ഷണമേകാൻ ലക്ഷ്യമിട്ട് ലോകം മുഴുവൻ ആചരിച്ച ഭൗമമണിക്കൂറിൽ ദുബൈ ലാഭിച്ചത് 329 മെഗാവാട്ട് വൈദ്യുതി. ശനിയാഴ്ച രാത്രി 8.30 മുതൽ 9.30വരെ ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണച്ചായിരുന്നു ദിനാചരണം. യു.എ.ഇയിലും ഭൗമദിനം ആചരിക്കാൻ ഭരണാധികാരികൾ ആഹ്വാനം ചെയ്തിരുന്നു. ദുബൈയിലെ താമസക്കാരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പൗരന്മാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. 329 മെഗാവാട്ട് വൈദ്യുതി ലാഭിച്ചത് 132 ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം ഒഴിവാക്കിയതിന് തുല്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വൈദ്യുതി ലാഭിക്കാൻ ഇക്കുറി കഴിഞ്ഞു. 2021ൽ 291 മെഗാവാട്ടായിരുന്നു ലാഭിച്ചത്. ദുബൈയിൽ ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയ 2008ന് ശേഷം ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിച്ചത് ഇത്തവണയാണ്.
ഭാവിയെ രൂപപ്പെടുത്തുക എന്ന ആശയത്തിലായിരുന്നു ഈ വർഷത്തെ ഭൗമമണിക്കൂർ. ദുബൈയിലെ പ്രധാന കെട്ടിടങ്ങളും സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളായി. 2050ഓടെ ദുബൈയുടെ വൈദ്യുതി ഉൽപാദനം പൂർണമായും ശുദ്ധ ഊർജ സ്രോതസ്സുകളിൽനിന്ന് ലഭ്യമാക്കാനുള്ള നടപടികൾക്ക് ഊർജം പകരുന്നതാണ് ഈ നേട്ടമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും വൈദ്യുതി ലാഭിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ഇത് ഉപകരിക്കും. കാർബൺ ബഹിർഗമനം കുറക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ദേശീയ താൽപര്യങ്ങളെ പിന്തുണക്കുന്നതിന് ഉത്തരവാദിത്തമുള്ള ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭൗമ മണിക്കൂറിെൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭൗമ മണിക്കൂറിെൻറ ഭാഗമായി ദീവയുടെ കെട്ടിടങ്ങളിലും വിളക്കുകൾ അണച്ചു. എക്സ്പോയിലെ ദീവ പവലിയനിലും വിളക്കണച്ച് മാതൃക കാണിച്ചു. വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭൗമ മണിക്കൂർ ആദ്യമായി ആചരിച്ച അറബ് നഗരം ദുബൈയാണ്. 2007ൽ ആസ്ട്രേലിയയിലാണ് ആദ്യമായി ഭൗമമണിക്കൂറിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.