ദുബൈ: ശക്തമായ ഭൂകമ്പത്തിൽ പ്രയാസം അനുഭവിക്കുന്ന മൊറോക്കൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാൻ ജീവകാരുണ്യ സംഘടനകളോട് ആഹ്വാനം ചെയ്ത് യു.എ.ഇ ഭരണാധികാരികൾ.
ഭൂകമ്പബാധിത മേഖലകളിൽ മരുന്നും ഭക്ഷണവും ഉൾപ്പെടെ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് പ്രത്യേക വിമാന സർവിസുകൾ ആരംഭിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. അടിയന്തര സഹായമെത്തിക്കാൻ ദുബൈ പൊലീസിനോട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും നിർദേശം നൽകിയിട്ടുണ്ട്. ദുബൈ പൊലീസിന്റെ ആംബുലൻസ് ടീം ഉടൻ മൊറോക്കോയിലേക്ക് തിരിക്കും.
എല്ലാ തരത്തിലുമുള്ള ദുരിതാശ്വാസ സഹായങ്ങളുമെത്തിക്കാൻ മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫൗണ്ടേഷനോടും ഇതിൽ അഫിലിയേറ്റ് ചെയ്ത മറ്റു സന്നദ്ധ സംഘടനകളോടും അദ്ദേഹം അഭ്യർഥിച്ചു. താമസിക്കാനുള്ള ടെന്റുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവിസുകളും ആരംഭിക്കും.മൊറോക്കോയും യു.എ.ഇയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്നും ദുരന്തവേളയിൽ അയൽരാജ്യങ്ങളെ സഹായിക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കിങ്ഡം ഓഫ് മൊറോക്കോയിൽ ശക്തമായ ഭൂചലനമുണ്ടായത്. ഇതിനകം 1000 മരണങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. യു.എ.ഇയെ കൂടാതെ ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
ഷാർജ: മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തിൽ മരണമടഞ്ഞവർക്ക് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമനാണ് അനുശോചന സന്ദേശം അയച്ചത്.
പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഷാർജ ഭരണാധികാരി ആശംസിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മൊറോക്കോയിലെ ഹൈ അറ്റ്ലസ് പർവതനിരകളിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൽ 1,000ത്തിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.