ദുബൈ:തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് യു.എ.ഇയിലെ പൊതുജനങ്ങൾക്കും സഹായമെത്തിക്കാം. എമിറേറ്റ്സ് റെഡ് ക്രസന്റ് വഴിയാണ് സംഭാവന നൽകേണ്ടത്. https://www.emiratesrc.ae/relief എന്ന വെബ്സൈറ്റ് വഴിയാണ് സഹായം അയക്കേണ്ടത്. തുർക്കിയക്കും സിറിയക്കും പ്രത്യേകമായി പണം അയക്കാനുള്ള സംവിധാനം ഈ സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഏത് രാജ്യത്തിനാണോ സഹായം അയക്കേണ്ടത് എന്ന് ആദ്യം തിരഞ്ഞെടുക്കണം. പേപാൽ, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി പണം അയക്കാം. ദുരിത ബാധിതരെ സഹായിക്കാനൊരുക്കിയ ‘ബ്രിഡ്ജസ് ഓഫ് ഗുഡ്നസ്’ കാമ്പയിനിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമെ ഷാർജ ചാരിറ്റി ഇന്റർനാഷനലിന്റെ വെബ്സൈറ്റ് വഴിയും പണം അയക്കാം. സിറിയയിലെയും തുർക്കിയയിലെയും സഹോദരങ്ങൾക്ക് സഹായമെത്തിക്കാം എന്ന പേരിൽ സാമൂഹിക മാധ്യമങ്ങൾവഴി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദുബൈ, അബൂദബി എന്നിവിടങ്ങളിലെ വെയർഹൗസുകളിൽ ആയിരക്കണക്കിനാളുകളാണ് സഹായം എത്തിക്കുന്നത്. അബൂദബി നാഷനൽ എക്സിബിഷൻ സെന്റർ, ദുബൈ എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിൽ 2000ഓളം പേർ സഹായ വസ്തുക്കൾ ശേഖരിക്കാനും വേർതിരിക്കാനും പാക്ക് ചെയ്യാനും പ്രവർത്തിക്കുന്നുണ്ട്. വിവിധ സംഘടനകളുടെ വളന്റിയർമാരും സഹായമനസ്കരുമെല്ലാം ഇവിടേക്ക് എത്തുന്നുണ്ട്. വലിയ വാഹനങ്ങളിലാണ് ഇവിടേക്ക് സഹായം എത്തിക്കുന്നത്. ഇവ വിമാനമാർഗം സിറിയയിലും തുർക്കിയയിലും എത്തിക്കും. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഇതിന് പുറമെ കെ.എം.സി.സി പോലുള്ള സംഘടനകളും സഹായം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.