ദുബൈ: ദൂകമ്പ ദുരിതത്തിൽ കഴിയുന്ന സിറിയക്ക് അഞ്ചുകോടി ഡോളർ സഹായംകൂടി പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. നേരത്തേ പ്രഖ്യാപിച്ച സഹായങ്ങൾക്കുപുറമെയാണ് പുതിയ പ്രഖ്യാപനം. ഇതിൽ രണ്ടുകോടി ഡോളർ യു.എൻ ഓഫിസ് ഫോർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി സഹകരിച്ച് മാനുഷിക പദ്ധതികൾ നടപ്പാക്കുന്നതിനാണ് ചെലവഴിക്കുക.
ഭൂകമ്പശേഷം യു.എൻ അടിയന്തര സഹായത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യു.എ.ഇ പ്രസിഡന്റ് പ്രത്യേക ഫണ്ട് അനുവദിച്ചത്. ഭൂകമ്പം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്ന ആദ്യ മണിക്കൂറിൽതന്നെ തുർക്കിയക്കും സിറിയക്കും സഹായം പ്രഖ്യാപിച്ച രാജ്യമാണ് യു.എ.ഇ. സഹായവുമായി 70ലേറെ വിമാനങ്ങൾ ഇതിനകം ഇരുരാജ്യങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്.
ദുരന്തമേഖലകളിൽ ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കുകയും എമിറേറ്റ്സ് റെഡ് ക്രസന്റിന് കീഴിൽ മറ്റു സഹായങ്ങൾ എത്തിക്കുന്നുമുണ്ട്. നേരത്തേ ശൈഖ് മുഹമ്മദ് അഞ്ചുകോടി ഡോളർ വീതമാണ് തുർക്കിയക്കും സിറിയക്കും അനുവദിച്ചിരുന്നത്. തുർക്കിയയിലെ ഗാസിയാൻടെപിൽ യു.എ.ഇ ഫീൽഡ് ആശുപത്രി പ്രവർത്തനം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
ഭൂകമ്പ ദുരിതത്തിനിരയായവർക്ക് അടിയന്തര ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക ആശുപത്രി തുറന്നത്. 50 പേരെ ഒരേസമയം കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്. 40,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ മുറി, ഐ.സി.യു ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഇവിടെ എത്തിയിട്ടുണ്ട്.
സിറിയയിലെയും തുർക്കിയയിലെയും വിവിധ പ്രദേശങ്ങളിൽ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. സിറിയൻ തലസ്ഥാനമായ ദമസ്കസിലെത്തി പ്രസിഡന്റ് ബശ്ശാറുൽ അസദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദുരിത ബാധിതരെ സന്ദർശിച്ചത്. തുടർന്ന് തുർക്കിയയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം യു.എ.ഇയിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരെയും കണ്ടാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.