ദുബൈ: എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാണികളെത്തിയാലും സുരക്ഷിതമായി ടൂർണമെൻറ് നടത്താൻ കഴിയുമെന്ന ഉറപ്പാണ് അവർ പങ്കുവെക്കുന്നത്. അധികൃതർ നൽകുന്ന എല്ലാ പ്രോട്ടോകോളുകളും പാലിക്കാൻ തയാറാണെന്നും കാണികളെ കയറ്റുന്നതിന് അനുമതി തേടി അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും ഇ.സി.ബി ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി പറഞ്ഞു.
ഏഷ്യൻ ആരാധകരും ഇമറാത്തി കായിക പ്രേമികളും മറ്റ് പ്രവാസികളും ഗാലറിയിലെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹം. അധികൃതർ അനുവദിച്ചാൽ സ്റ്റേഡിയങ്ങളുടെ വാതിൽ അവർക്കായി തുറന്നിടും. കോവിഡിൽനിന്ന് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട റെസ്ട്രാറ്റ കമ്പനിയുടെ നിലപാടും നിർണായകമാകും. യു.കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെസ്ട്രാറ്റയാണ് ഇംഗ്ലണ്ടിലെ കഴിഞ്ഞ പരമ്പര കൈകാര്യം ചെയ്തത്.
എന്നാൽ, കാണികളെ അനുവദിച്ചിരുന്നില്ല. താരങ്ങളും ടീമുകളുടെ സ്റ്റാഫും സ്റ്റേഡിയം ജീവനക്കാരും ഉൾെപ്പടെ ഓരോ മത്സരത്തിനും 450 പേരെയാണ് അനുവദിച്ചിരുന്നത്. സ്റ്റേഡിയത്തിലുള്ള ഓരോ അനക്കവും ബ്ലൂടൂത്ത് വഴി നിരീക്ഷിക്കുന്ന രീതിയിലാണ് റസ്ട്രാറ്റയുടെ പ്രവർത്തനം. അതേസമയം, തുടർച്ചയായ നാലാം ദിവസവും യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ഇ.സി.ബിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. കോവിഡിൽനിന്ന് അതിവേഗം മുക്തമാകുന്നതിനാലാണ് ബി.സി.സി.ഐ ഐ.പി.എല്ലിന് യു.എ.ഇയെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.