ദുബൈ: അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്ലിലും ഒക്ടോബറിൽ നടക്കുന്ന ട്വൻറി-20 ലോകകപ്പിലും കാണികളെ അനുവദിക്കാൻ സന്നദ്ധമാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി. ഇക്കാര്യം യു.എ.ഇ അധികൃതരുമായും ബി.സി.സി.ഐയുമായും സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'ഗൾഫ് ന്യൂസിന്'നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അധികൃതർ നിർദേശിക്കുന്ന പ്രോട്ടോക്കോളുകൾ പാലിക്കാൻ തയാറാണ്. ഗാലറിയിൽ പ്രവേശനം നൽകാവുന്ന ആളുകളുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുമതി നൽകേണ്ടത് യു.എ.ഇ സർക്കാറാണ്. അനുമതി ലഭിച്ചാൽ ബി.സി.സി.ഐയും ഐ.സി.സിയും സമ്മതിച്ചാൽ കാണികൾക്ക് ഗാലറിയിലെത്താൻ അവസരം ലഭിക്കും. പ്രവാസികളും സ്വദേശികളുമായ നിരവധി ക്രിക്കറ്റ് ആരാധകർ യു.എ.ഇയിലുണ്ട്. അവരെ ഗാലറിയിലെത്തിക്കണമെന്നാണ് ആഗ്രഹം. ഏത് വെല്ലുവിളികളെയും നേരിടാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മൂലം ഇന്ത്യയിൽ നിർത്തിവെച്ച ഐ.പി.എല്ലിെൻറ തുടർച്ചയാണ് യു.എ.ഇയിൽ സെപ്റ്റംബർ 19ന് തുടങ്ങുന്നത്. ഇന്ത്യയിൽ കാണികളെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ സീസൺ ഐ.പി.എൽ യു.എ.ഇയിൽ നടന്നപ്പോഴും കാണികൾ പടിക്ക് പുറത്തായിരുന്നു. ഇക്കുറിയെങ്കിലും നേരിട്ടെത്തി കളി കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ളവർ.
യൂറോ കപ്പ് ഫുട്ബാൾ നിറഞ്ഞ ഗാലറിയിൽ നടത്തിയ പശ്ചാത്തലത്തിൽ ലോകകപ്പിനും കാണികളെ കയറ്റുമെന്നാണ് പ്രതീക്ഷ. ദുബൈ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് 2500 പേർ വരെ പങ്കെടുക്കുന്ന കായിക മേളകൾ നടത്താം.
എല്ലാവരും വാക്സിനേഷനും കോവിഡ് പരിശോധനയും പൂർത്തിയാക്കണം. ഈ നിബന്ധന പാലിച്ചാണ് രണ്ടുമാസം മുമ്പ് ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ യു.എ.ഇയിലെ ഗാലറികളിൽ കാണികളെ പ്രവേശിപ്പിച്ചത്.
ദുബൈ: ക്രിക്കറ്റ് പ്രേമികളുടെ ഗൃഹാതുര സ്മരണകളിൽ മായാതെ കിടക്കുന്ന പോരാട്ടമാണ് ഷാർജ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലേക്ക് വരുേമ്പാൾ വീണ്ടുമൊരു 'ഷാർജ കപ്പിന്'വേദിയൊരുക്കുകയാണ് യു.എ.ഇ. ഇക്കുറി ഷാർജയിൽ അല്ലെന്ന് മാത്രം. ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം നടക്കുന്നത്.
ഒക്ടോബർ 24നായിരിക്കും മത്സരമെന്ന് ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എ.ഇ സമയം വൈകുന്നേരം ആറിനാണ് മത്സരം. ടൂർണമെൻറിൽ ഇന്ത്യയുടെയും പാകിസ്താെൻറയും ആദ്യ മത്സരമായിരിക്കുമിത്. ഐ.പി.എൽ നടക്കുന്നതിനാൽ ഇന്ത്യൻ താരങ്ങളെല്ലാം ആഗസ്റ്റ് അവസാനം മുതൽ യു.എ.ഇയിലുണ്ടാകും. ഇത് താരങ്ങൾക്ക് യു.എ.ഇയിലെ കാലാവസ്ഥയുമായി ഇഴുകിച്ചേരാൻ ഉപകരിക്കും. ഗ്രൗണ്ടുമായി കൂടുതൽ പരിചയമാകാനും സഹായകമാകും. അതേസമയം, ഒരുകാലത്ത് പാകിസ്താെൻറ ഹോം ഗ്രൗണ്ടായിരുന്നു യു.എ.ഇയിലെ മൈതാനങ്ങൾ.
പാകിസ്താനിലേക്ക് പോകാൻ മറ്റ് രാജ്യങ്ങൾ മടിച്ചപ്പോൾ അവരുടെ മത്സരങ്ങൾ നടത്തിയിരുന്നത് ഇവിടെയാണ്. പാകിസ്താൻ സൂപ്പർ ലീഗും യു.എ.ഇയിലാണ് നടന്നിരുന്നത്. കോവിഡ് മൂലം നിർത്തിവെച്ച പി.എസ്.എല്ലിെൻറ ബാക്കി മത്സരങ്ങൾ നടത്തിയതും ഇവിടെയാണ്.
ലോകകപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ 23ന് ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റമുട്ടും. ഇതിന് മുമ്പ് യോഗ്യത മത്സരങ്ങൾ ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലുമായി നടക്കും. ഉച്ചക്ക് രണ്ടിനും വൈകീട്ട് ആറിനുമാണ് യു.എ.ഇയിലെ മത്സരങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.