ദുബൈ: ഈറൻപനയുടെ കമ്പിൽകോർത്ത ചിലമ്പിന്‍റെ താളലയങ്ങളുമായി എടരിക്കോട് കോൽക്കളി സംഘം കേരള വാരത്തിൽ ശനിയാഴ്ച കളി അവതരിപ്പിക്കും. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ തവണ കോൽക്കളിയിൽ ജേതാക്കളാണ് എടരിക്കോട് ടീം. വൈകിട്ട് ഇന്ത്യൻ പവലിയനിലാണ് പരിപാടി. ഇത് രണ്ടാം തവണയാണ് എക്സ്പോയിൽ സംഘം കോൽക്കളി അവതരിപ്പിക്കുന്നത്.
കേരളത്തിൽ കോൽക്കളിയെ ജനകീയമാക്കിയവരാണ് എടരിക്കോട് സംഘം. കോൽക്കളി ആചാര്യൻ അന്തരിച്ച ടി.പി. ആലികുട്ടി ഗുരുക്കളാണ് എടരിക്കോടിന്‍റെ കീർത്തിക്ക് പിന്നിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിലധികമായി അദ്ദേഹത്തിന്‍റെ ശിഷ്യർ യു.എ.ഇ യിലുണ്ട്.
തൊഴിൽ തേടി പ്രവാസ ലോകത്തെത്തിയ എടരിക്കോട്ടെ ഒരുപറ്റം യുവാക്കളാണ് നാട്ടിൽ പയറ്റിത്തെളിഞ്ഞ തങ്ങളുടെ കലാരൂപത്തെ പ്രവാസ ലോകത്തേക്കും തന്മയത്തത്തോടെ പറിച്ചുനട്ടിരിക്കുന്നത്. ഗൾഫിലെ ജോലി തിരക്കുകൾക്കിടയിലും കോൽക്കളിയെ കൈവിടാത്ത ഇവർ യു.എ.ഇയിലെ വിവിധങ്ങളായ മുന്നൂറിൽ പരം വേദികളിൽ ഇതിനകം കോൽതാളമിട്ട് ശ്രദ്ധനേടിക്കഴിഞ്ഞു. യൂത്ത് ഇന്ത്യ നടത്തിയ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഇവർക്കായിരുന്നു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച മാപ്പിള കലാമേളയിൽ മലപ്പുറം ജില്ലക്ക് എട്ടാം തവണയും ഒന്നാം സ്ഥാനം നേടിക്കൊടുത്തത് ഈ സംഘമായിരുന്നു.
ദുബൈ എക്സ്പോയിൽ കോൽക്കളിക്ക് പുറമെ ഇന്തോ-അറബ് ഫ്യൂഷൻ ദഫ്മുട്ടും ഇവർ അവതരിപ്പിക്കുന്നുണ്ട്. സബീബ് എടരിക്കോടിന്‍റെയും ജലീൽ വാളക്കുളത്തിന്‍റെയും നേതൃത്വത്തിൽ ഫവാസ്, ഫാസിൽ, ഗഫൂർ, അജ്മൽ, മഹറൂഫ്, ജുനൈദ്, അനസ്, ശിഹാബ്, മുനീഷ്, വിഷ്ണു, സബീബ് എന്നിവരാണ് സംഘത്തിലുള്ളത്. അസീസ് മണമ്മലാണ് പരിശീലകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.