ദുബൈ: രാജ്യത്ത് ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് വിദ്യാഭ്യാസ രംഗവും വികസിക്കുന്നു. അടുത്ത നാലു വർഷത്തിനകം 50 അന്താരാഷ്ട്ര സ്കൂളുകൾ കൂടി പുതുതായി രാജ്യത്ത് പ്രവർത്തനം തുടങ്ങിയേക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതുവഴി ഒന്നര ലക്ഷം കുട്ടികൾക്കെങ്കിലും വിദ്യാഭ്യാസത്തിന് പുതുതായി അവസരമൊരുങ്ങും. കഴിഞ്ഞ വർഷം അവസാനം വരെ രാജ്യത്ത് പ്രവർത്തിക്കുന്ന സ്കൂളുകളുടെ എണ്ണം 1258 ആണ്. ഇത് 2027 ആകുമ്പോൾ 1308 ആയി വർധിപ്പിക്കേണ്ടിവരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യയിൽ സ്വദേശികളുടെയും പ്രവാസികളുടെയും എണ്ണം ഓരോ വർഷവും വലിയ രീതിയിൽ വർധിക്കുന്നുണ്ട്. പ്രവാസികൾക്കിടയിൽ കുടുംബസമേതം സ്ഥിരതാമസമാക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതെല്ലാമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാഹചര്യമൊരുക്കുന്നത്.
സ്ഥാപനങ്ങൾ വർധിക്കുന്നതിനനുസരിച്ച് അധ്യാപകരടക്കമുള്ള ജീവനക്കാരുടെ ആവശ്യവും കൂടുന്നത് തൊഴിൽമേഖലയിലും ഉണർവാകും. എന്നാൽ, ഉന്നതനിലവാരമുള്ള സ്കൂളുകളിൽ അതിനനുസരിച്ച നൈപുണ്യം നേടിയ അധ്യാപകരുടെ ലഭ്യത വെല്ലുവിളിയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം യു.എ.ഇയിലെ വിദ്യാഭ്യാസത്തിന്റെ ചെലവ് അനുദിനം വർധിക്കുന്നതും വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജി.സി.സി എജുക്കേഷൻ ഇൻഡസ്ട്രി റിപ്പോർട്ട് പ്രകാരം യു.എ.ഇയിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് വർഷത്തിൽ ശരാശരി 45,676 ദിർഹമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതനുസരിച്ച് രാജ്യത്തെ 80 ശതമാനം കുടുംബങ്ങളുടെ 40 ശതമാനം മാസ വരുമാനവും ചെലവഴിക്കുന്നത് വിദ്യാഭ്യാസ ആവശ്യത്തിനാണ്. ഈ കാരണത്താൽ തന്നെ താങ്ങാവുന്ന സ്കൂൾ സംവിധാനത്തിന്റെ അപര്യാപ്തത വളരെയേറെ കുടുംബങ്ങളിൽ പ്രതിസന്ധിയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എ.ഇക്ക് സമാനമായരീതിയിൽ ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും അടുത്ത വർഷങ്ങളിൽ സ്കൂളുകളുടെ എണ്ണം വർധിപ്പിക്കേണ്ടതായി വരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഗൾഫിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം 2027ഓടെ 1.42 കോടിയായി വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.