ദുബൈ: 2011ൽ രാജ്യത്തുണ്ടായ സംഭവവികാസങ്ങൾക്കുശേഷം ഈജിപ്ത് ഉയർത്തെഴുന്നേറ്റത് യു.എ.ഇയുടെയും മറ്റു ഗൾഫ് രാജ്യങ്ങളുടെയും സഹായത്തിലാണെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി.
ദുബൈയിൽ ആരംഭിച്ച ആഗോള സർക്കാർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായമുണ്ടായില്ലെങ്കിൽ ഈജിപ്ത് ഒരിക്കലും അതിനുശേഷം തിരിച്ചുവരില്ലായിരുന്നു. ഒരേസമയം പലതരം വെല്ലുവിളികൾ നേരിട്ട സമയമായിരുന്നു അത്. ഈജിപ്തുകാർക്കിടയിലെ നിരാശയായിരുന്നു പ്രധാന വെല്ലുവിളി. മറ്റൊന്ന് ഊർജ, വാതക പ്രതിസന്ധിയുമായിരുന്നു. അതെല്ലാം മറികടക്കാൻ കഴിഞ്ഞു -അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഉച്ചകോടിയിൽ അതിഥി രാജ്യമാണ് ഇത്തവണ ഈജിപത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ പങ്കെടുത്ത സദസ്സിലാണ് മുൻകാല സഹായങ്ങൾ സീസി വ്യക്തമാക്കിയത്.
അക്കാലത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് രാജ്യത്തേക്ക് ഇന്ധനവുമായി കപ്പലുകൾ അയച്ചിരുന്നുവെന്നും ഈജിപ്തിന് പിന്തുണ സംഘടിപ്പിക്കാൻ മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെന്നും അൽ സീസി പറഞ്ഞു. തകർന്ന ഒരുരാജ്യം ഒരിക്കലും തിരിച്ചുവരാറില്ലെന്നും ഈജിപ്തിന് അത് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയക്ക് യു.എ.ഇ നൽകുന്ന സഹായങ്ങളെയും ചടങ്ങിൽ സീസി പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.