റാസല്‍ഖൈമ: ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങവേ സമഗ്ര സുരക്ഷാ പദ്ധതി ഒരുക്കി റാക് പൊലീസ്. 1496 സുരക്ഷാ ഉദ്യോഗസ്ഥര്‍, 354 പട്രോളിങ് വാഹനങ്ങള്‍, 73 അഗ്നിശമന വാഹനങ്ങള്‍, 80 പാരാമെഡിക്കല്‍ ജീവനക്കാര്‍, 40 ആംബുലന്‍സ്, ഒരു ഹെലികോപ്ടര്‍, മൂന്ന് മൊബൈല്‍ ഓപറേറ്റിങ് റൂമുകള്‍, 27 എമര്‍ജന്‍സി സപ്പോര്‍ട്ടിങ് വാഹനങ്ങള്‍, 37 ഓഫ്ഷോര്‍ സുരക്ഷാ ബോട്ടുകള്‍ തുടങ്ങിയവ മുഴുസമയ സേവനത്തിന് റാസല്‍ഖൈമയില്‍ ഒരുക്കിയിട്ടുണ്ടെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടക്കുന്ന പള്ളികളിലും ഈദ് മുസല്ലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വിനോദ കേന്ദ്രങ്ങള്‍, അറവുശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും പ്രത്യേക നിരീക്ഷണമുണ്ടാകും. റോഡ് സുരക്ഷക്കും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. ബീച്ചുകളില്‍ എത്തുന്നവര്‍ കുട്ടികളുടെ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ നിർദേശിക്കുന്നു. ഹോട്ടലുകളിലും താമസ സ്ഥലങ്ങളോടനുബന്ധിച്ചുള്ള സ്വിമ്മിങ് പൂളുകളിലും രക്ഷിതാക്കളുടെ നിരീക്ഷണമുണ്ടാകണം.
അവധി ആഘോഷത്തിന് പടക്കം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ജീവനും സ്വത്തിനും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്ന വിനോദ പരിപാടികള്‍ ഒഴിവാക്കണം. സേവനം ആവശ്യമുള്ളവര്‍ക്കും അസാധാരണ സംഭവങ്ങള്‍ ശ്രദ്ധയില്പ്പെടുന്നവര്ക്കും 901 നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
റാക് അറവുശാലകളില്‍ സുരക്ഷാ വ്യവസ്ഥകള്‍
റാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച സുപ്രധാന കര്‍മമായ ബലിയറുക്കലുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗനിർദേശം നിഷ്കര്‍ഷിച്ച് റാക് മുനിസിപ്പാലിറ്റി. സുരക്ഷ മുന്‍നിര്‍ത്തി പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ അറവുശാലകള്‍ തയാറാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ബലിയറുക്കുന്ന നിശ്ചിത ദിവസം കാല്‍നടയായി അറവുശാലയിലേക്ക് പ്രവേശിക്കരുതെന്നാണ് പ്രധാന നിർദേശം. കാറുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ബലിമാംസം സ്വീകരിക്കുന്നതിന്റെ ഫീസ് പ്രവേശന കവാടത്തിലെ കൗണ്ടറില്‍ നല്‍കണം.
റാസല്‍ഖൈമയിലെ അറവുശാലകളിലും കന്നുകാലി ചന്തകളിലും മൃഗഡോക്ടര്‍മാരുടെ ഒരു സംഘം മുഴുസമയം സേവന സന്നദ്ധരായിരിക്കും. അറുക്കുന്നതിന് മുമ്പ് മൃഗങ്ങളെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.