ദുബൈ: ഈദുൽ ഫിത്ർ ദിനത്തിൽ ദുബൈയിൽ ഏഴിടങ്ങളിൽ റമദാൻ പീരങ്കികൾ മുഴങ്ങും. റമദാനിന്റെ അവസാനവും പെരുന്നാൾ ആഘോഷവും ഉദ്ഘോഷിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി മുഴക്കം ദുബൈ പൊലീസിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. പെരുന്നാൾ മാസപ്പിറവി കണ്ടാൽ രണ്ടു തവണയും പെരുന്നാൾ നമസ്കാര സമയത്തുമാണ് പീരങ്കി മുഴക്കുക.
നാദൽശിബ ഏരിയ ഈദ്ഗാഹ്, ഗ്രാൻഡ് സഅബീൽ മോസ്ക്, ഉമ്മുസുഖൈം ഈദ്ഗാഹ്, അൽ ബർഷ ഈദ്ഗാഹ്, ഹത്ത ഈദ്ഗാഹ്, നദൽ ഹമർ ഈദ്ഗാഹ്, ബറാഹ ഈദ്ഗാഹ് എന്നിവിടങ്ങളിലാണ് പെരുന്നാൾ ദിനത്തിലെ പീരങ്കി മുഴങ്ങുക. രണ്ടു തവണയാണ് ഇവിടങ്ങളിൽ പീരങ്കി ശബ്ദം ഉയരുക.
പ്രാദേശിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതാണ് പീരങ്കികളെന്നും ഇമാറാത്തി സമൂഹത്തിന്റെ മനസ്സിലും ഓർമകളിലും ആഴത്തിൽ പതിഞ്ഞ പാരമ്പര്യമാണിതെന്നും ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ ഗൈഥി പറഞ്ഞു.
ദുബൈയിൽ ഇഫ്താർ സമയം അറിയിക്കാൻ പൊലീസ് ഇത്തവണ എട്ട് സ്ഥലങ്ങളിൽ പീരങ്കി ഒരുക്കിയിരുന്നു. ഏഴിടങ്ങളിലാണ് റമദാനിൽ സ്ഥിരമായി പീരങ്കികൾ സജ്ജമാക്കിയത്. ഒരു പീരങ്കി വിവിധ ദിവസങ്ങളിൽ ദുബൈയിലെ 15 കേന്ദ്രങ്ങളിൽ നോമ്പുതുറ സമയം അറിയിക്കാനായി സഞ്ചരിക്കും. ബുർജ് ഖലീഫ, ദുബൈ അപ്ടൗൺ, മദീനത്തു ജുമൈറ, ഫെസ്റ്റിവെൽ സിറ്റി, ഡമാക്ക്, ഹത്ത ഇൻ എന്നിവിടങ്ങളാണ് ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.