ദുബൈ: ഈ വർഷത്തെ സൗദി സൂപ്പർ കപ്പിന് അബൂദബി ആതിഥേയത്വം വഹിക്കും. മൂന്നു മാച്ചുകൾ അടങ്ങിയ ടൂർണമെന്റിന്റെ കിക്കോഫ് ഏപ്രിൽ എട്ടിനാണ്. 11ന് ചെറിയ പെരുന്നാൾ ദിനത്തിലായിരിക്കും ഫൈനൽ എന്നാണ് കണക്കുകൂട്ടൽ.
സൗദി അറേബ്യക്ക് പുറത്ത് ആദ്യമായാണ് മറ്റൊരു മിഡിലീസ്റ്റ് രാജ്യത്തേക്ക് മത്സരം എത്തുന്നത്. അബൂദബിയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ എട്ടിന് ആൽ നഹ്യാൻ സ്റ്റേഡിയത്തിൽ അൽ ഇത്തിഹാദ് ക്ലബും അൽ വഹ്ദ എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം.
ഏപ്രിൽ എട്ടിന് രാത്രി ഒമ്പതിനാണ് മത്സരങ്ങൾ തുടങ്ങുക. ആദ്യ മത്സരത്തിനുശേഷം അന്ന് രാത്രി 11.30ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ അൽ ഹിലാൽ എസ്.എഫ്.സിയും അൽ നസ്ർ എഫ്.സിയും ഏറ്റുമുട്ടും. ഇതേ വേദിയിൽ തന്നെയാണ് ഏപ്രിൽ 11ന് ഫൈനൽ പോരാട്ടം.
ടൂർണമെന്റിനായി ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസേമയും അൽ നസ്റിനൊപ്പം എത്തുമെന്നറിഞ്ഞതോടെ ആവേശത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള കാൽപന്തുപ്രേമികൾ. ചെറിയ പെരുന്നാൾ അവധിയായതിനാൽ വാശിയേറിയ ഫൈനൽ കാണാൻ ജി.സി.സിയിലുള്ളവർക്കും മിഡിലീസ്റ്റിലെ മറ്റ് രാജ്യങ്ങളിൽനിന്നുള്ളവർക്കും അബൂദബിയിലെത്താനും സാധിക്കും.
അൽഐൻ ക്ലബിനെതിരെ കഴിഞ്ഞ തിങ്കളാഴ്ച അൽഐനിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ക്ലബിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സ്വന്തം തട്ടകമായ അബൂദബിയിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽഐനിന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.