ദുബൈ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുഭവപ്പെട്ടത് റെക്കോഡ് തിരക്ക്. ജൂൺ 15 മുതൽ 18 വരെ നാലു ദിവസത്തെ അവധി ദിനങ്ങളിൽ 5,62,347 പേരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയത്.
വെള്ളിയാഴ്ച ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കുടുംബങ്ങളും കുട്ടികളുമടക്കം ദുബൈ കാണാനെത്തിയ സന്ദർശകർ കൂടാതെ മക്കയിലേക്കുള്ള നിരവധി ഹജ്ജ് തീർഥാടകരും ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്.
തീർഥാടനത്തിനുശേഷം തിരിച്ചെത്തുന്ന ഹജ്ജ് തീർഥാടകരുടെ തിരക്ക് നേരിടാൻ വിമാനത്താവളം പൂർണ സജ്ജമാണെന്നും ഹാജിമാർക്കായി പ്രത്യേക സ്റ്റാമ്പ് ഒരുക്കിയിട്ടുണ്ടെന്നും ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.
ദുബൈ വിനോദ സഞ്ചാരികളുടെ മാത്രം ലക്ഷ്യസ്ഥാനമല്ലെന്നും മറിച്ച് ലോകത്താകമാനമുള്ള പ്രവാസികളുടെ കൂടിയാണെന്നതിന്റെ തെളിവാണ് യാത്രക്കാരുടെ തിരക്കിലൂടെ ബോധ്യപ്പെടുന്നതെന്നും ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. അവധി ദിനങ്ങൾ പരിഗണിക്കാതെ യാത്രക്കാരെ സേവിച്ച മുഴുവൻ ഇമിഗ്രേഷൻ ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.