ദുബൈ: ബലി പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ജൂൺ 15 ശനിയാഴ്ച മുതൽ 18 ചൊവ്വാഴ്ച വരെയാണ് ദുബൈയിൽ പാർക്കിങ് സൗജന്യം. മൾട്ടി സ്റ്റോറി പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങൾക്കാണ് ഇളവ് ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ജൂൺ 16 മുതൽ 18വരെയാണ് ഷാർജയിൽ പാർക്കിങ് സൗജന്യമാക്കിയിട്ടുള്ളത്.
ബ്ലൂ പെയ്ഡ് പാർക്കിങ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ് ലഭിക്കുകയെന്ന് ഷാർജ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു.
ദുബൈ മെട്രോ, ട്രാം, ബസ് സർവിസുകൾ സമയം ദീർഘിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ചുമുതൽ പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും. ഞായറാഴ്ച രാവിലെ എട്ടുമുതൽ പുലർച്ചെ ഒരു മണി വരെയും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ അഞ്ചുമുതൽ പുലർച്ചെ ഒരു മണി വരെയും സർവിസുണ്ടാകും.
ദുബൈ ട്രാം തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ആറു മുതൽ പുലർച്ച ഒരു മണി വരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പുലർച്ച ഒന്നുവരെയാണ് സർവിസുണ്ടാവുക. ബസ് സർവിസുകളുടെ മാറ്റം സുഹൈൽ ആപ് വഴി അറിയാനാകും.
പെരുന്നാൾ അവധി ദിവസങ്ങളിൽ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. സാങ്കേതിക പരിശോധന സേവനങ്ങൾ ജൂലൈ 18നാണ് സേവനം പുനരാരംഭിക്കുക. പെരുന്നാൾ അവധിക്കാലത്ത് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പ്രവർത്തിക്കില്ല.
എന്നാൽ ആർ.ടി.എയുടെ ഉമ്മു റമൂൽ, ദേര, ബർഷ, അൽ കിഫാഫ്, ആർ.ടി.എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെൻററുകൾ 24 മണിക്കൂറും പതിവുപോലെ പ്രവർത്തിക്കും. യു.എ.ഇയിലെ സ്വകാര്യ, പൊതു മേഖലകളിലെ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.