ദുബൈ: ചൊവ്വയുടെ ഉപഗ്രഹമായ ‘ഡേമോസി’ന്റെ ഏറ്റവും തെളിഞ്ഞ ചിത്രം പകർത്തിയ നേട്ടത്തിൽ യു.എ.ഇക്ക് അഭിനന്ദനവുമായി ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്പേസ്എക്സിന്റെയും ട്വിറ്ററിന്റെയും ഉടമയായ ഇലോൺ മസ്ക്. യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പ്രോബ് പകർത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ശാസ്ത്രലോകത്ത് ശ്രദ്ധേയമായ നേട്ടം സംബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ചൊവ്വ ഗ്രഹത്തിന്റെ ചലനാത്മക കാലാവസ്ഥ സംവിധാനവും അന്തരീക്ഷ അവസ്ഥയും പഠിക്കുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ‘ഹോപ്പ്രോബ്’ 2021 ഫെബ്രുവരിയിലാണ് ഭ്രമണപഥത്തിലെത്തിയത്. പേടകത്തിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ മൂന്നു മാസം കൂടുമ്പോഴാണ് പുറത്തുവിടുന്നത്.
ചൊവ്വയുടെ ഭ്രമണപഥത്തിലെ സവിശേഷതകളെ കുറിച്ച പഠനത്തിന് ഏറെ സഹായകമായ വിവരങ്ങൾ നേരത്തേയും ഹോപ്പ്രോബ് കണ്ടെത്തിയിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിലെ വ്യതിരിക്തമായ അറോറയുടെ അപൂർവ ചിത്രങ്ങളും കഴിഞ്ഞ വർഷം ജൂണിൽ പുറത്തുവിട്ട ഡേറ്റയിൽ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.