ദുബൈ: സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ ലോകത്തിന് മുന്നിൽ യു.എ.ഇയുടെ അഭിമാനകരമായ ഒരു മുന്നേറ്റം പൂർത്തിയാവുകയാണ്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ തുടക്കമിട്ട സ്വപ്നതുല്യമായ മുന്നേറ്റത്തിന്റെ പാതയിലെ സുപ്രധാന നാഴികക്കല്ലാണ് ദീർഘകാല ബഹിരാകാശ ദൗത്യം. അതിനാൽ തന്നെ തിങ്കളാഴ്ച ഫ്ലോറിഡയിൽ വന്നിറങ്ങുന്ന അൽ നിയാദിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇമാറാത്ത്. എന്നാൽ, ബഹിരാകാശത്തുനിന്നെത്തി ഭൂമിയിലെ ജീവിതവുമായി വീണ്ടും ചേർന്നുവരാൻ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നതിനാൽ അതിന് ശേഷമായിരിക്കും അൽ നിയാദി യു.എ.ഇയിൽ എത്തിച്ചേരുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അൽ നിയാദിക്ക് സ്വാഗതം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ‘സേഫ് റിട്ടേൺ അൽ നിയാദി’ എന്ന ഹാഷ്ടാഗോടെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബവും ആശംസാസന്ദേശങ്ങളുമായി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പിതാവ് സെയ്ഫ് അൽ നിയാദിയുടെയും മാതാവ് ഹഫിയ്യ സാലിം അൽ നിയാദിയുടെയും ആശംസകൾ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിരുന്നു. അൽഐനിലെ ഉമ്മു ഗഫ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഉമ്മു ഗഫ പ്രൈമറി ബോയ്സ് സ്കൂളിലും സെക്കൻഡറി സ്കൂളിലുമായാണ് പഠനം പൂർത്തിയാക്കുന്നത്. സുൽത്താൻ തിരിച്ചുവരുന്ന സാഹചര്യത്തിൽ കുടുംബവും ജന്മഗ്രാമവും ആദ്യ വിദ്യാലയവുമെല്ലാം ആഹ്ലാദത്തിലാണ്.
യു.എ.ഇയിലെ സ്വദേശികളും താമസക്കാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മടക്കയാത്ര മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം കഴിഞ്ഞ ദിവസം തത്സമയം വെബ്സൈറ്റ് വഴി ടെലികാസ്റ്റ് ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളുള്ള ഒരുക്കങ്ങൾക്ക് ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗൻ സ്പേസ്ക്രാഫ്റ്റായ എൻഡീവർ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം മാര്‍ച്ച് മൂന്നിനാണ് നിയാദി ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് യു.എ.ഇയുടെ നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പകർത്തിയിരുന്നു. കൂട്ടത്തിൽ ജന്മനാടായ അൽഐനിന്റെ ചിത്രങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. യു.എ.ഇയെ സംബന്ധിച്ച് കൂടുതൽ ബഹിരാകാശ, ശാസ്ത്രദൗത്യങ്ങൾക്ക് പ്രചോദനവും ആവേശവും പകരുന്നതാണ് അൽ നിയാദിയുടെ നേട്ടം.
ദുബൈ: ഭൂമിയിൽനിന്ന് 400 കി.മീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് 17 മണിക്കൂർ യാത്രയുണ്ട് ഭൂമിയിലേക്ക്. ഈ സമയം സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂളിൽ സജീവമായിരിക്കും ബഹിരാകാശ യാത്രികർ. ഹൂസ്റ്റണിലെ നാസയുടെ മിഷൻ കൺട്രോൾ റൂമുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കും. അത്യാവശ്യത്തിന് ടോയ്ലെറ്റ് സൗകര്യവും വിശപ്പകറ്റാൻ സ്നാക്സും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. പ്രയാസരഹിതമായ യാത്രക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, ചുരുങ്ങിയ സ്ഥലത്തെ മണിക്കൂറുകളോളം നീണ്ട യാത്ര സാഹസികം തന്നെയാണ്. ഭൂമിയിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നാസയും സ്പേസ് എക്സും തത്സമയം സംപ്രേഷണം ചെയ്യും.
ജൂലൈ 25, 2022: ദൗത്യത്തിനായി അൽ നിയാദിയെ തിരഞ്ഞെടുത്തു
മാർച്ച് 2, 2023: ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചു
മാർച്ച് 3: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നു
ഏപ്രിൽ 28: ബഹിരാകാശനടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജനായി
സെപ്റ്റംബർ 3: വൈകീട്ട് 3.05ന് ബഹിരാകാശനിലയത്തിൽ നിന്ന് മടങ്ങുന്നു
സെപ്റ്റംബർ 4: 8.07ന് ഭൂമിയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.