ദുബൈ: പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാർ. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സംഭാവന നൽകിയ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികൾക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകൾക്ക് കേരളത്തിൽനിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടൻ മമ്മൂട്ടി നായകനായ ടർബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ഇരുവരുമായിരുന്നു.
മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാർ. കേരളത്തിലുണ്ടായ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്പത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.