ദുബൈ: യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്കു മടങ്ങുന്നതാണ് നല്ലതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യു.എ.ഇയിൽനിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിർദേശം.
നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ, നാട്ടിൽനിന്ന് വരുന്നവർ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. എത്തേണ്ട രാജ്യത്തിെൻറ യാത്രാനിബന്ധനകൾ ശരിയായി മനസ്സിലാക്കിയശേഷം വേണം യാത്ര ചെയ്യാൻ. വരുന്നവർ കൂടുതൽ പണം കൈയിൽ കരുതണം. ഇപ്പോൾ കുടുങ്ങിക്കിടക്കുന്നവർ മടങ്ങിപ്പോയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുേമ്പാൾ യാത്ര തുടരണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
സൗദി അനിശ്ചിതകാലത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്. കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ബഹ്റൈൻ, ഒമാൻ വഴിയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ, ഈ രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞശേഷം മാത്രമേ സൗദിയിലേക്ക് പോകാൻ കഴിയൂ.
ഇന്ത്യൻ അംബാസഡർക്ക് നോർക്ക കത്തയച്ചു
ദുബൈ: യു.എ.ഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറിന് കത്തയച്ചു.കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം ലഭിക്കാൻ ഇടപെടണം. താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് നീട്ടിനൽകാൻ ഇടപെടുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നപക്ഷം കേരളത്തിലേക്കു മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കത്തയച്ചത്.
കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇൻകാസ്
ദുബൈ: സൗദിയിലേക്കും കുവൈത്തിേലക്കുമുള്ള യാത്രക്കിടെ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കൈത്താങ്ങായി ഇൻകാസ് യൂത്ത് വിങ്. മിഡിൽ ഈസ്റ്റ് ഗ്രൂപ്പുമായി സഹകരിച്ച് ഫുജൈറയിലാണ് ഇവർക്ക് താമസ സൗകര്യമൊരുക്കിയത്. നിലവിൽ നൂറുകണക്കിനാളുകളെ ഇവിടെ താമസിപ്പിച്ചിട്ടുണ്ട്. സ്പോൺസറെ കിട്ടുന്നതിനനുസരിച്ച് ഭക്ഷണവും നൽകുന്നുണ്ട്. താമസ സൗകര്യം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 0503655201 (ജംഷാദ് കുറ്റിപ്പുറം), 055 457 2786 ( നിസാർ വിളയൂർ), 052 525 1128 (റോബി യോഹന്നാൻ), 0501594325 (സനീഷ് കുമാർ), 0528334664 (ജിജോ ചിറക്കൽ), 0523143009 (അൽജാസ്), 0525984663 (ഷഫീക്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.