ദുബൈ: കോവിഡ് പ്രതിരോധത്തിലും അതിജീവനത്തിലും ലോകരാജ്യങ്ങൾക്കിടയിൽ യു.എ.ഇ ഒന്നാമത്. സമീപ ദിവസങ്ങളിൽ പുറത്തുവന്ന ഒന്നിലേറെ അന്താരാഷ്ട്ര പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ 53സാമ്പത്തിക ശക്തികൾക്കിടയിൽ നടത്തിയ ബ്ലൂംബർഗ് പഠനത്തിൽ ഇമാറാത്ത് ആദ്യ സ്ഥാനത്താണ് എത്തിയിരിക്കുന്നത്. കോവിഡ് പുതിയ വകഭേദം ഒമിക്രോണിനെ നേരിടുന്നതിൽ യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് യു.എ.ഇ കാഴ്ചവെച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ ആഴ്ചയിൽ തന്നെ പുറത്തുവന്ന യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്റർ തയാറാക്കിയ ആഗോള ഇൻഡെക്സിലും യു.എ.ഇ ഒന്നാമതെത്തിയിരുന്നു. സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യ 38ാം സ്ഥാനത്താണ്. വാക്സിനേഷൻ, കോവിഡ് പരിശോധന, ബൂസ്റ്റർ ഡോസ് തുടങ്ങിയവയാണ് യു.എ.ഇയെ ഒന്നാമതെത്തിച്ചത്.
രോഗപ്രതിരോധം, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം, വാക്സിനേഷൻ കവറേജ്, മൊത്തത്തിലുള്ള മരണനിരക്ക്, യാത്ര പുനരാരംഭിക്കുന്നതിലെ പുരോഗതി എന്നിവയാണ് ബ്ലൂംബർഗ് പഠനത്തിൽ പരിഗണിച്ചത്.
കൺസ്യൂമർ ചോയ്സ് സെന്ററിന്റെ മഹമാരി പ്രതിരോധ സൂചികയിൽ പത്തിൽ 9.5 ആണ് യു.എ.ഇ നേടിയത്. രണ്ടാം സ്ഥാനത്തുള്ള സൈപ്രസിന് 9.4 ഇൻഡക്സ് പോയന്റുകളുണ്ട്.
ബഹ്റൈൻ 6.6 നേടിയപ്പോൾ ഇസ്രായേലിനുള്ളത് 6.3 പോയന്റാണ്. ഒന്നാം സ്ഥാനത്ത് നിന്നാണ് ഇസ്രായേൽ നാലാം സ്ഥാനത്തായത്. ലക്സംബർഗ്, ഡെൻമാർക്ക്, യു.കെ, ഓസ്ട്രിയ, ഫ്രാൻസ്, മാൾട്ട എന്നിവരാണ് ആദ്യ പത്തിലുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലെ സൂചികയിൽ യു.എ.ഇ രണ്ടാം സ്ഥാനത്തായിരുന്നു. ബൂസ്റ്റർഡോസിന്റെ വിതരണമാണ് യു.എ.ഇയെ ഒന്നാമതെത്തിച്ചതിൽ പ്രധാനഘടകമായതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.