ശൈഖ് സുൽത്താൻ

ശൈഖ് സുൽത്താന് അഭിനന്ദനവുമായി ഇമാറാത്ത്

ഷാർജ: മുന്നിലെ തടസ്സങ്ങളെ ബുദ്ധിപരമായി നേരിട്ട് പിന്നിൽവരുന്ന തലമുറക്കായി സുരക്ഷിതവും നിർഭയവുമായ പാതകൾ ഒരുക്കി ലോകത്തിന്‍റെതന്നെ സാംസ്കാരിക ഉത്തുംഗതയിൽ എത്തിയ, ഭരണ സിംഹാസനത്തിൽ അരനൂറ്റാണ്ട്​ തികച്ച സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ആശംസകളും അഭിനന്ദനങ്ങളും പ്രാർഥനകളുമായി ഇമാറാത്തും ജനങ്ങളും.

അഞ്ച്​ പതിറ്റാണ്ടുകൊണ്ട് നൂറ്റാണ്ടുകളുടെ പുരോഗതി കരസ്ഥമാക്കി സ്വദേശികൾക്കും വിദേശികൾക്കും അവസരങ്ങളുടെ പറുദീസ ഒരുക്കിയ ശൈഖ് സുൽത്താനെ ലോകം മൊത്തം വാഴ്ത്തിപ്പാടുകയാണ്.

ശൈഖ് സുൽത്താന്‍റെ നേട്ടങ്ങളും സംഭാവനകളും രാജ്യത്തിന്‍റെ ഓർമയിൽ എന്നെന്നും നിലനിൽക്കുമെന്നും ഈ മഹത്തായ അവസരത്തിൽ ശൈഖ് സുൽത്താന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു. യു.എ.ഇക്ക് സുരക്ഷയും സമൃദ്ധിയും എല്ലാ വിജയങ്ങളും പ്രദാനം ചെയ്യാനും ശൈഖ് സുൽത്താന് വിജയങ്ങൾ ആവർത്തിക്കാനും സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നു അജ്മാൻ ഭരണാധികാരി പറഞ്ഞു.

ഷാർജയെ സാംസ്കാരിക, നിക്ഷേപകേന്ദ്രമാക്കിയ ദീർഘദർശിയായ ശൈഖ്​ സുൽത്താന്​ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ഷർഖി പറഞ്ഞു.

കൂടുതൽ കാലം ഷാർജയെയും നാടിനെയും സേവിക്കാൻ അദ്ദേഹത്തിന്​ ആരോഗ്യം നൽകട്ടെയെന്നും ശൈഖ്​ ഹമദ്​ പ്രാർഥിച്ചു.

ശൈഖ്​ സുൽത്താൻ യൂനിയന്‍റെ തൂണുകളിൽ ഒന്നാണെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


പൗരന്മാർ വിളിക്കാതെ തന്നെ വിളികേൾക്കുന്ന ഭരണാധികാരി

ഷാർജ: സ്വദേശികളെയും വിദേശികളെയും വകതിരിവില്ലാതെ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ശൈഖ് സുൽത്താൻ. രാജ്യനിവാസികളുടെ പ്രയാസങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും അറിയുമ്പോൾ വിവിധ തരത്തിൽ സഹായങ്ങളുമായി ഉദ്യോഗസ്ഥരെത്തും. ശൈഖ് സുൽത്താൻതന്നെ നേരിട്ടെത്തിയ നിരവധി ഉദാഹരണങ്ങൾ ഷാർജക്കാർക്ക് മുന്നിലുണ്ട്.

തീപിടിത്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് അഭയം ഒരുക്കിയും ഉടുതുണിക്ക് മറുതുണിയില്ലാതായവർക്ക് സർവസഹായങ്ങൾ ഒരുക്കിയും ദുരന്തമുഖത്ത് നേരിട്ടെത്തിയും ശൈഖ് സുൽത്താൻ സ്നേഹമായി മാറിയിട്ടുണ്ട്. സ്വദേശികളുടെ ശമ്പളം അവർ ആവശ്യപ്പെടാതെ തന്നെ എല്ലാവർഷവും വർധിപ്പിക്കുന്നു. എമിറേറ്റിന്‍റെ വാർഷിക ബജറ്റിൽ ഇതിനായി തുക വകയിരുത്തുന്നു. മെച്ചപ്പെട്ട പാർപ്പിടങ്ങൾ ഒരുക്കിയും ഭൂമി പതിച്ചുനൽകിയും ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരായി പൗരന്മാരെ മാറ്റിയെടുക്കുന്നു.


വടക്കിന്‍റെ ഉദയസൂര്യൻ

ഷാർജ: ഷാർജയുടെ ഉപനഗരങ്ങളായ ഖോർഫക്കാൻ, ഹിസ്ൻദിബ്ബ, മലീഹ, കൽബ, ഗ്രാമങ്ങളായ വാദി ഷീസ്, നസ് വ തുടങ്ങിയ മേഖലകളെ അരനൂറ്റാണ്ടുകൊണ്ട് അതിമനോഹരങ്ങളും ജൈവികവുമായ വിനോദമേഖലകളാക്കി മാറ്റിയെടുത്ത ശിൽപ നൈപുണ്യം മാത്രം കണ്ടാൽ മതി ശൈഖ് സുൽത്താന്‍റെ ഭാവനസമൃദ്ധമായ മനസ്സറിയാൻ. അഞ്ച് പടുകൂറ്റൻ തുരങ്കങ്ങൾ ഉൾപ്പെട്ട ഖോർഫക്കാൻ റോഡ്, കരിമ്പാറകൾക്കുള്ളിൽ കൊത്തിയെടുത്ത വാദി ഷീസ് ഉദ്യാനം, മലീഹയിലെ ചരിത്ര സമൃദ്ധി, കൽബയിലെ കണ്ടൽക്കാടുകളും തോടുകളും, വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി ഒരുക്കിയ സംരക്ഷിത മേഖലകൾ, അഴകിന്‍റെ പാലാഴി ഒഴുകുന്ന ഷാർജ മസ്ജിദ്, ഹിസ്ൻ ദിബ്ബയിലെ വിശാലമായ തോടുകളും കാർഷിക മേഖലകളും തുടങ്ങി വടക്കുകിഴക്കൻ മേഖലകളിൽ ശൈഖ് സുൽത്താൻ നടപ്പിലാക്കിയ വികസനം ഏറെ പ്രശംസനീയമാണ്.

Tags:    
News Summary - Emirate with congratulations to Sheikh Sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.