ദുബൈ: കഴിഞ്ഞ വർഷം ആഗസ്റ്റിൽ എമിറേറ്റ്സ് എയർലൈൻസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ കണ്ടവരെല്ലാം അൽഭുതപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ എയർഹോസ്റ്റസിന്റെ വേഷത്തിൽ ഒരാൾ നിൽക്കുന്നതായിരുന്നു വീഡിയോ.
നികോൾ സ്മിത്ത് ലുഡ്വിക് എന്ന സ്കൈഡൈവറായിരുന്നു അതിസാഹസികമായ വീഡിയോയിൽ എയർഹോസ്റ്റസായി വേഷമിട്ടത്. ലോകം മുഴുവൻ ശ്രദ്ധിച്ച വീഡിയോക്ക് പുതിയ പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എമിറേറ്റ്സ്. വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ വീഡിയോയിലും നികോൾ ലുഡ്വിക് പഴയ എയർഹോസ്റ്റസ് വേഷത്തിൽ തന്നെയാണ് എത്തിയിരിക്കുന്നത്. ഇത്തവണ എക്സ്പോ 2020ദുബൈയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് വീഡിയോ.
നേരത്തെ, ബ്രിട്ടൻ യു.എ.ഇയെ യാത്രവിലക്കുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് നന്ദി പറയുന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. 'ഞാനിവിടെ തന്നെയുണ്ട്, എനിക്ക് ഇവിടെ നിന്ന് ദുബൈ എക്സ്പോ കാണാം' എന്ന പ്ലക്കാർഡാണ് പുതിയ വീഡിയോയിൽ എയർഹോസ്റ്റസ് കാണിക്കുന്നത്. പലക്കാർഡുകൾ കാണിച്ചുകൊണ്ടിരിക്കെ ഇവരുടെ പിറകിലൂടെ ലോകത്തെ തന്നെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എമിറേറ്റ്സ്-എ380 കടന്നുപോകുന്നതും പുതിയ വീഡിയോയുടെ സവിശേഷതയാണ്.
എക്സ്പോയിലേക്ക് സ്വാഗതം ചെയ്യുന്ന ബഹുവർണ ചിത്രങ്ങൾ പതിച്ച വിമാനമാണിത്. വിമാനം എക്സ്പോ നഗരിയിലേക്ക് പറന്നകലുമ്പോൾ എയർഹോസ്റ്റസ് കൈവീശി കാണിക്കുന്നതായാണ് വീഡിയോ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.