ദുബൈ: ഇ.സി.എച്ചിന്റെ ട്രേഡ് മാർക്ക് അവകാശം തങ്ങൾക്ക് ലഭിച്ചതായി അൽ തവാർ സെന്ററിലെ എമിറേറ്റ്സ് കമ്പനി ഹൗസുകളുടെ മാനേജിങ് ഡയറക്ടർ തമീം അബൂബക്കർ പറഞ്ഞു. ഇതുസംബന്ധിച്ച് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇ.സി.എച്ച് ട്രേഡ് മാർക്കുമായി ബന്ധപ്പെട്ട തർക്കം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ട്രേഡ് മാർക്ക് അവകാശം ലഭിച്ചത്. ഇതോടെ അൽ തവാർ സെന്ററിന് പുറത്ത് ഇ.സി.എച്ച് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമവിധേയമല്ലാതാവും. ഇവർക്കെതിരെ നിയമനടപടി കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റു കേസുകളിലും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അൽ തവാർ സെന്ററിലെ നാലു സെന്ററുകളുടെയും പ്രവർത്തനാവകാശം തങ്ങൾക്കാണ്.
നിയമ പോരാട്ടം നടക്കുന്നതിനാൽ കൂടുതൽ വിപുലപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മന്ത്രാലയത്തിന്റെ നിർദേശം ലഭിച്ചതോടെ പ്രവർത്തനം പുറത്തേക്കും വ്യാപിപ്പിക്കും. ഈ സന്തോഷം പങ്കിടാൻ ഉപഭോക്താക്കൾക്കായി ഓഫറുകൾ പ്രഖ്യാപിക്കും. വളർച്ച നേരിടുന്ന മേഖലയാണിതെന്നും കൂട്ടായ്മക്ക് വിഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് മറ്റുള്ളവർ വിട്ടുനിൽക്കണമെന്നും തമീം അബൂബക്കർ പറഞ്ഞു. ഇ.സി.എച്ച് ജനറൽ മാനേജർ ബിജു റഹ്മാൻ, എമിറേറ്റ്സ് ക്ലാസ്സിക് സി.ഇ.ഒ സാദിക് അലി, പാർട്ണർ മൊയ്ദീൻ കുറുമത്ത്, ഫൈസൽ, സലീം ഇട്ടുമ്മൽ, അലി, ജമാദ് ഉസ്മാൻ, അബ്ദുല്ല കോയ, പായിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.