അപരിചിതന്​ എമിറേറ്റ്​സ്​ ഐ.ഡി കൈമാറി; മയക്കുമരുന്ന്​ മാഫിയയുടെ ചതിയിൽപ്പെട്ട്​​ മലയാളി, രക്ഷപ്പെട്ടത്​ ഭാഗ്യം കൊണ്ടുമാത്രം

അജ്മാന്‍: കഴിഞ്ഞ ദിവസമാണ് അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ്‌ സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബൈ പൊലീസില്‍ നിന്നും ഫോൺ കാൾ വരുന്നത്. ഉടൻ ഓഫിസിൽ എത്താനായിരുന്നു നിർദേശം. മാളിൽ തിരക്കുള്ള സമയമായിരുന്നു. ഒപ്പം ഭാര്യയും കുട്ടികളും വേനലവധിക്ക് നാട്ടിലേക്ക് തിരിക്കുന്നതിന്‍റെ തിരക്കും കൂടി ആയതിനാൽ വൈകീട്ട് എത്തിയാല്‍ മതിയോ എന്ന് അന്വേഷിച്ചപ്പോള്‍ നിരസിക്കപ്പെടുകയായിരുന്നു. അതോടെ ഉടൻ തിരികെയെത്താമെന്ന കണക്കുകൂട്ടലിൽ ദുബൈയിലേക്ക്​ തിരിച്ചു. എന്നാൽ, അവിടെയെത്തിയപ്പോഴാണ് താന്‍ കെണിയില്‍പെട്ട വിവരമറിയുന്നത്​.

2023 ഒക്ടോബര്‍ മാസത്തിലാണ് ഇദ്ദേഹം കേസിൽ കുടുങ്ങിയ ആ സംഭവം നടന്നത്. ജോലി ചെയ്യുന്ന വ്യാപാര കേന്ദ്രത്തില്‍ എത്തിയ ഒരു അറബ് സ്വദേശിയെ പോലൊരാൾ എ.ടി.എം മെഷീനില്‍ പണം നിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. എമിറേറ്റ്​സ്​ ഐ.ഡി ഇല്ലാത്തതിനാല്‍ ഇയാൾ രണ്ട് പേരോട് സഹായം അഭ്യര്‍ഥിച്ചു. രണ്ടു പേരും അഭ്യർഥന നിരസിച്ചതിനെ തുടര്‍ന്ന് മാളിലെ മാനേജറായ നൗജസ് ഹനീഫിനെ സമീപിക്കുകയായിരുന്നു. തന്‍റെ എമിറേറ്റ്​സ്​ ഐ.ഡി വീട്ടില്‍ വെച്ച് മറന്നെന്നും എ.ടി.എമ്മിൽ പണം നിക്ഷേപിക്കാന്‍ കാര്‍ഡ് തന്ന് സഹായിക്കണമെന്നുമായിരുന്നു അഭ്യർഥന. പുതിയ കസ്റ്റമറെ പിണക്കാതെയിരിക്കാമെന്ന്​ ചിന്തിച്ച നൗജസ് ഹനീഫ് തന്‍റെ ഐ.ഡി കാര്‍ഡ് നൽകി. പണം നിക്ഷേപിച്ച ശേഷം നന്ദിയും പറഞ്ഞ്​ ഇയാൾ സ്ഥലംവിട്ടു. യഥാർഥത്തില്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടിനാണ്​ എ.ടി.എം മെഷീനില്‍ പണം നിക്ഷേപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് പരിശോധിക്കുന്നതിനിടെയാണ്​ പണം നിക്ഷേപിച്ച മലയാളിയുടെ തിരിച്ചറിയല്‍ ശ്രദ്ധയില്‍പ്പെടുന്നത്.

തുടർന്നാണ്​ ഇദ്ദേഹത്തെ വിളിപ്പിക്കുന്നത്​. ദുബൈയിൽ പൊലീസ്​ സ്​റ്റേഷനിൽ ഹാജരായ നൗജസ്​ ഹനീഫിനെ പൊലീസ്​ തടഞ്ഞുവെക്കുകയും വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പെട്ടെന്ന്​ തിരിച്ചെത്താമെന്ന ചിന്ത അതോടെ അസ്ഥാനത്തായി. അറിയാവുന്ന അറബിയിൽ സംഭവം തുറന്നുപറയുകയും തന്‍റെ നിരപരാധിത്വം പരമാവധി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും ശ്രമിച്ചു. സംഭവ സ്ഥലത്തെ കാമറയടക്കം പൊലീസിന്‍റെ വിശദമായ പരിശോധനയില്‍ യുവാവിന്‍റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ ഒരു ദിവസത്തിനുശേഷം വെറുതെ വിടുകയായിരുന്നുവെന്ന്​ നൗജസ് ഹനീഫ് പറഞ്ഞു.

അപരിചിതരായ ഒരാളെ ഒന്നും ആലോചിക്കാതെ സഹായിക്കാന്‍ പോയതാണ് തനിക്ക് പറ്റിയ ദുരിതത്തിന് കാരണമെന്ന് നൗജസ് ഹനീഫ് പറഞ്ഞു.

നിരവധി ആളുകളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. ഇത്തരം വിഷയങ്ങളില്‍ ഏറെ ശ്രദ്ധിക്കണമെന്ന് പൊലീസ് നിരവധി തവണ ജനങ്ങളെ ഓർമിപ്പിച്ചിട്ടും പിന്നെയും പലരും ചതിയില്‍പ്പെടുകയാണ്.

Tags:    
News Summary - Emirates ID handed over to stranger; Malayali cheated by drug mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.