ദുബൈ: ദുബൈയിൽ നടക്കുന്ന എമിറേറ്റ്സ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ ബബുൾ ഗം ദുബൈ ഒരുക്കിയ ഹൃസ്വ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. വെബ് സീരീസ് എന്ന സ്പെഷൽ വിഭാഗത്തിലാണ് ബബുൾ ഗം ദുബൈയുടെ ‘വിടമാട്ടേൻ’ എന്ന ഹൃസ്വ സിനിമ ഉൾപ്പെടുത്തിയിട്ടുള്ളത്. 37 വർഷമായി ദുബൈയിൽ പ്രവാസിയായ തൃശൂർ പാവറട്ടി സ്വദേശി പോൾസൺ പാവറട്ടിയാണ് തിരക്കഥാകൃത്തും സംവിധായകനും.
11ാം വാർഷികം ആഘോഷിക്കുന്ന എമിറേറ്റ്സ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ യു.എ.ഇയിൽ നിന്നും മറ്റ് 30 വിദേശ രാജ്യങ്ങളിൽ നിന്നും 500ലധികം ചിത്രങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, അനിമേഷൻ ഫിലിം, ഡോക്യുമെന്ററി എന്നിവ കൂടാതെ യങ് ആൻഡ് എമേർജിങ് (സ്റ്റുഡന്റസ് കാറ്റഗറി) ഫിലിം മേക്കേഴ്സ് എന്ന വിഭാഗത്തിലുമാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മലയാളം സിനിമകൾ വളരെ അപൂർവമായി മാത്രമേ മത്സരത്തിൽ ഉൾപ്പെടാറുള്ളൂ. 2025 ജനുവരി 15, 16, 17 തീയതികളിൽ എമിറേറ്റ്സ് ഏവിയേഷൻ കോളജിൽ വെച്ചായിരിക്കും തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനം. ജനുവരി 18ന് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ റെഡ് കാർപെറ്റ് വിരുന്നും അവാർഡ്ദാന ചടങ്ങും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.