ദുബൈ: എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ വർഷം റീസൈക്കിൾ ചെയ്തത് അഞ്ചു ലക്ഷം കിലോ പ്ലാസ്റ്റിക്കും ഗ്ലാസുകളും. എമിറേറ്റ്സ് എ 380 വിമാനത്തിന്റെ ഭാരത്തോളം വരുമിതെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സിന്റെ ഓരോ സർവിസ് അവസാനിക്കുമ്പോഴും ജീവനക്കാരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കുകളും ഗ്ലാസുകളും രണ്ടായി തിരിക്കും.
ഇതിന് ശേഷമാണ് ദുബൈയിലെ റീ സൈക്ലിങ് പ്ലാന്റുകളിലേക്ക് അയക്കുന്നത്. റീസൈക്കിൾ ചെയ്ത ഗ്ലാസുകൾ പുതിയ കുപ്പികൾ നിർമിക്കാനുപയോഗിക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്ത ശേഷം മറ്റ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്.
ഇതിനുപുറമെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളും എമിറേറ്റ്സ് നടപ്പാക്കുന്നുണ്ട്. പ്ലാസ്റ്റിക് ബോട്ടിലിൽനിന്ന് പുനഃചംക്രമണം ചെയ്തെടുത്ത പുതപ്പാണ് ആറു വർഷമായി എമിറേറ്റ്സിൽ ഉപയോഗിക്കുന്നത്.
28 ബോട്ടിലുകളിൽനിന്നാണ് പുതപ്പുണ്ടാക്കുന്നത്. ഇതുവഴി കഴിഞ്ഞ ആറ് വർഷത്തിനിടെ 95 ദശലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ നശിക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. എയർലൈൻ വ്യവസായ മേഖലയിലെ ഏറ്റവും വലിയ സുസ്ഥിര പുതപ്പ് നിർമാണ പദ്ധതിയും എമിറേറ്റ്സിന്റേതാണ്.
ഇതിന് പുറമെ റീസൈക്കിൾ വസ്തുവിൽ നിന്നുൽപാദിപ്പിച്ച കളിപ്പാട്ടങ്ങളും എമിറേറ്റ്സിലെ കുട്ടിയാത്രക്കാരെ സ്വീകരിക്കാൻ നൽകാറുണ്ട്. ബാഗുകളും ബാക്ക്പാക്കുകളും ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നു. കുട്ടികൾക്കുള്ള ബാക്ക് പാക്കുകൾ 5.5 പ്ലാസ്റ്റിക് കുപ്പികൾ റിസൈക്കിൾ ചെയ്താണ് ഉൽപാദിപ്പിക്കുന്നത്. ഇതുവഴി എട്ട് ദശലഷം പ്ലാസ്റ്റിക് ബോട്ടിലുകൾ സംരക്ഷിക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.