ദുബൈ: പത്തുകൂട്ടം കറികളും രണ്ടുതരം പായസവും കൂട്ടി വീട്ടുകാർ ഓണമുണ്ണുമ്പോൾ, ഓർമകളിൽ മാത്രം ആഘോഷം തീർക്കുന്ന പ്രവാസികൾ സങ്കടപ്പെടേണ്ട. ഓണക്കാലത്ത് യാത്ര ചെയ്യുന്നവർക്കെല്ലാം ആകാശത്ത് അടിപൊളി ഓണസദ്യയൊരുക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. സെപ്റ്റംബർ 13 വരെ എമിറേറ്റ്സിൽ യാത്രചെയ്യുന്നവർക്കെല്ലാം നാടണയും മുമ്പേ വിഭവസമൃദ്ധമായ സദ്യയുണ്ണാം. വീട്ടുകാരോടൊത്ത് ഓണം ആഘോഷിക്കാൻ പോകുന്നവർക്കെല്ലാം അഡ്വാൻസായി ഓണമുണ്ട് ആഘോഷം തുടങ്ങാനുള്ള അവസരമാണ് എമിറേറ്റ്സ് ഒരുക്കുന്നത്. തിരികെ വരുന്നവരാണെങ്കിൽ പൂവിളികളുയരുന്ന നാട്ടിൽനിന്ന് സദ്യ കഴിക്കാതെ മടങ്ങേണ്ടി വരുമെന്ന നിരാശ വേണ്ട. അവധിക്കാലം കഴിഞ്ഞ് തിരികെ യു.എ.ഇയിലെത്തുമ്പോൾ ഒരു ഏമ്പക്കവും വിട്ട് ലാൻഡ് ചെയ്യാമെന്നർഥം. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് യാത്ര തിരിക്കുന്നവർക്കാണ് ഇൗ അസുലഭ ഓണസമ്മാനം.
കാളനും പുളിയിഞ്ചിയും തോരനും കക്കരി പച്ചടിയും കൊണ്ടാട്ടവും ചട്ട്ണിയും തുടങ്ങി എല്ലാ വിഭവങ്ങളുമുൾപ്പെടുന്നതാണ് സദ്യ. ഒപ്പം കായ വറുത്തതും വറുത്തുപ്പേരിയും ശർക്കര വരട്ടിയതും വിളമ്പും. ബിസിനസ് ക്ലാസിലാണ് യാത്രയെങ്കിൽ കേരള പപ്പടവും നല്ല എരിവുള്ള മാങ്ങ അച്ചാറും കൂടി സ്പെഷലായി നൽകും. ദുബൈയിൽനിന്ന് നാട്ടിലേക്കാണ് യാത്രയെങ്കിൽ സദ്യ തകർക്കും. ആലപ്പുഴ ചിക്കൻ കറിയും കൂട്ടുകറിയും തോരനുമാണ് സദ്യക്കൊപ്പം ലഭിക്കുക. തീർന്നില്ല, നല്ല പാലട പായസവും തട്ടാം. യാത്ര ഫസ്റ്റ് ക്ലാസിലാണെങ്കിൽ ഇതിനൊപ്പം സ്പെഷൽ മട്ടൺ പെപ്പർ ഫ്രൈയും കൂടി കൂട്ടി ഓണസദ്യ കൊഴുപ്പിക്കാം. നാട്ടിൽനിന്ന് ദുബൈക്കാണ് വരവെങ്കിൽ സ്പൈസി ചിക്കൻ സുഖയുണ്ടാകും സദ്യക്ക് അകമ്പടിയായി. പരിപ്പു പായസമാണ് സദ്യക്കൊടുവിൽ മധുരമായി വിളമ്പുക.
യാത്ര ഫസ്റ്റ് ക്ലാസിലാണെങ്കിൽ ഇതിനൊപ്പം മട്ടൺ സുഖയും കൂടി അകത്താക്കാം. ഇതൊക്കെയാണെങ്കിൽ സദ്യ ഡിസ്പോസ്ബിൾ പ്ലേറ്റിലായിരിക്കുമോ എന്ന ആശങ്ക തീരേ വേണ്ട. നല്ല ഒന്നാന്തരം തൂശനിലയിൽ തന്നെയാണ് തുമ്പപ്പൂ പോലത്തെ ചോറ് വിളമ്പി എമിറേറ്റ്സ് യാത്രക്കാരെ സദ്യയൂട്ടുന്നത്. വിശേഷാവസരങ്ങളിൽ വീട്ടിൽനിന്നു വിട്ടുനിന്നാലും അമ്മ വെച്ചുണ്ടാക്കിയതു പോലെയുള്ള ആഹാരം ഉറപ്പാണെന്നു ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.