ദുബൈ: വനിത ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ നിരാലംബരായ സ്ത്രീകൾക്ക് ഇമാറാത്തി ആസ്റ്റർ വളന്റിയേഴ്സ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറുമായി ചേര്‍ന്ന് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ പിന്തുണയോടെ ‘നൂർ ഡ്രീംസ് എംപവേർഡ്’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ 50 സ്ത്രീകൾ പങ്കെടുത്തു. അല്‍ മന്‍ഖൂല്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച പരിപാടി ദുബൈ പൊലീസിൽ നിന്നുള്ള മിസ് അഫ്ര ഉബൈദ് അൽ റുമൈത്തി, റാശിദ് ആശുപത്രിയെ പ്രതിനിധാനംചെയ്ത് ജുവൈരിയ അൽ അലി, യു.എ.ഇയിലെ മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആൻഡ് മെഡിക്കല്‍ സെന്ററുകളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഷനില ലൈജു, യു.എ.ഇ റെഡ് ക്രസന്റില്‍ നിന്നുള്ള വളന്റിയര്‍ മിസ് മീദ് അലി ഉള്‍പ്പെടെയുള്ളവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ശ്രദ്ധേയമായ പാതകളിലൂടെ വിജയം വരിച്ച സ്ത്രീകളുടെ പ്രചോദന മാതൃകകളാണ് പരിപാടിയിൽ പകർന്നുനൽകിയത്.
യു.എ.ഇയില്‍നിന്നുള്ള സ്ത്രീകളുടെ ശ്രദ്ധേയ നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പം, അവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കാനും പിന്തുടരാനും അവസരമൊരുക്കുന്ന സുപ്രധാന ദിനമാണ് ഇമാറാത്തി വനിത ദിനമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 28ന് ഇമാറാത്തി വനിത ദിനത്തില്‍ വനിത ഇമാറാത്തി തൊഴിലാളികള്‍ക്ക് പ്രചോദനമേകുന്ന ഒരു സെഷനും സംഘടിപ്പിക്കുന്നുണ്ട്. സംരംഭകയും കണ്ടന്റ് ക്രിയേറ്ററുമായ സലാമ മുഹമ്മദ്, എത്തിഹാദ് എയര്‍വേസിലെ ആദ്യ ഇമാറാത്തി വനിത ഫസ്റ്റ് ഓഫിസറായ സല്‍മ അല്‍ ബലൂഷിയും പരിപാടിയില്‍ അതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.