ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിൽ യു.എ.ഇ സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നടപടി തുടങ്ങി. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് രണ്ടു ശതമാനം ഇമാറാത്തി ജീവനക്കാരെ നിയമിക്കേണ്ടത്. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. 2026 അവസാനത്തോടെ 10 ശതമാനമായി ഇത് ഉയർത്തുകയാണ് ലക്ഷ്യം. ഫ്രീ സോൺ സ്ഥാപനങ്ങൾക്ക് നിബന്ധന ബാധകമല്ല.
ഒരു ഇമാറാത്തി ജീവനക്കാരന് പ്രതിമാസം 6000 ദിർഹം എന്ന നിലയിൽ വർഷം 72,000 ദിർഹമാണ് പിഴ അടക്കേണ്ടത്. ഒന്നിൽ കൂടുതൽ ജീവനക്കാരനെ നിയമിക്കാനുള്ള ശേഷി സ്ഥാപനത്തിനുണ്ടെങ്കിൽ ഓരോരുത്തരുടെ പേരിലും പിഴ അടക്കേണ്ടി വരും. എല്ലാ സ്ഥാപനങ്ങളും നിബന്ധന പാലിക്കാൻ തയാറാവണമെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി സയ്ഫ് അൽ സുവൈദി ഓർമിപ്പിച്ചു. ഇമാറാത്തികളെ നിയമിക്കുന്നത് യു.എ.ഇയിലെ സാമ്പത്തിക മേഖലക്കും സ്ഥാപനങ്ങൾക്കും ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് ദുരുപയോഗം ചെയ്യാതിരിക്കാൻ മുന്നറിയിപ്പ് നിർദേശങ്ങളും നൽകിയിട്ടുണ്ട്. നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണജനകമായ പരസ്യങ്ങൾ നൽകരുത്. ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ച് പരസ്യത്തിൽ വിശദീകരിക്കരുത്. സർക്കാർ ആനുകൂല്യം നൽകുന്നുണ്ട് എന്ന കാരണത്താൽ ഇമാറാത്തികളുടെ ശമ്പളത്തിൽ കുറവു വരുത്തരുത്. സഹപ്രവർത്തകരുമായി താരതമ്യം ചെയ്യുമ്പോൾ ഇമാറാത്തി ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം നൽകുന്നത് കുറ്റകരമാണെന്നും നിർദേശം നൽകിയിട്ടുണ്ട്.
നാലു ശതമാനമായി ഉയർത്തും
ദുബൈ: 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഈവർഷം അവസാനത്തോടെ നാലു ശതമാനമായി ഉയർത്താൻ നിർദേശം. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി സെയ്ഫ് അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ഇമാറാത്തി ജീവനക്കാരുടെ തോത് ഉയർത്തണമെന്നും നിർദേശം നൽകി. അടുത്തവർഷം തുടക്കത്തിൽ നാലുശതമാനത്തിൽ എത്തിയില്ലെങ്കിൽ പിഴ അടക്കേണ്ടിവരുമെന്നും നിർദേശം നൽകി.
അടുത്ത വർഷം മുതൽ പിഴയും വർധിക്കും. ഓരോ വർഷവും 1000 ദിർഹം വീതമാണ് പിഴ വർധിക്കുന്നത്. ഇതോടെ ഓരോ മാസവും 7000 ദിർഹമാകും പിഴ. നിലവിൽ മാസത്തിൽ 6000 ദിർഹമും വർഷത്തിൽ 72,000 ദിർഹമുമാണ് പിഴ. 2026ഓടെ ഇമാറാത്തികളുടെ എണ്ണം 10 ശതമാനമാക്കാനാണ് ലക്ഷ്യം.
അതേസമയം, ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യവും നൽകുന്നുണ്ട്. രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കുന്ന കമ്പനികളിൽ സ്വദേശി, ജി.സി.സി പൗരൻമാരെ നിയമിക്കുമ്പോൾ വർക്ക് പെർമിറ്റിന് പണം നൽകേണ്ടതില്ല. ഇരട്ടി സ്വദേശികളെ നിയമിക്കുന്നവർക്കും വർക്ക് പെർമിറ്റിന് ഇളവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.