യാംബു: ജീവനക്കാർക്കും ആശ്രിത വിസയിലുള്ള അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി. സൗദി സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങൾക്ക് പിഴചുമത്തിയതായി ഹെൽത്ത് ഇൻഷുറൻസ് കോഓപറേറ്റിവ് കൗൺസിൽ വക്താവ് അറിയിച്ചു. രാജ്യത്തെ തൊഴിൽ ചട്ടപ്രകാരം ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തുനൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. അത് ലംഘിക്കുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നായി 15 ലക്ഷം റിയാൽ പിഴചുമത്തിയത്. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ സ്വകര്യ മേഖലയിലെ സ്വദേശികളും വിദേശികളും ഉൾപ്പെടുമെന്ന് കൗൺസിൽ അറിയിച്ചു.
തൊഴിലാളിയുടെ കൂടെയുള്ള ഭാര്യ, 25 വയസ്സുവരെ പ്രായമുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ അടക്കം എല്ലാവരും ഈ പരിധിയിൽ ഉൾപ്പെടുമെന്നും കൗൺസിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും തൊഴിൽചട്ടങ്ങൾ പൂർണമായും പാലിക്കാൻ ബാധ്യസ്ഥരാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇൻഷുറൻസ് പരിരക്ഷ നൽകാത്തതിനെതിരെ ആദ്യം മുന്നറിയിപ്പ് നൽകാറുണ്ടെന്നും എന്നിട്ടും നിയമലംഘനം തുടരുന്ന സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തുന്നതെന്നും ഇൻഷുറൻസ് കൗൺസിൽ വക്താവ് അഹമ്മദ് അബൂ ഇമാറ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.