ദുബൈ: കടംവാങ്ങിയും പണയംവെച്ചും പട്ടിണികിടന്നും സ്വരുക്കൂട്ടിയ പണവുമായാണ് ഓരോ പ്രവാസിയും ജോലിതേടി അലയുന്നത്. എന്നാൽ, ഇവരുടെ ചട്ടിയിലും കൈയിട്ടുവാരുകയാണ് തട്ടിപ്പുകാർ. ഇന്റർവ്യൂവിന് എന്നപേരിൽ വിളിച്ചുവരുത്തി രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ലക്ഷങ്ങളാണ് ഇവർ സമ്പാദിക്കുന്നത്. റിക്രൂട്ട്മെന്റിന് രജിസ്ട്രേഷൻ ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണെങ്കിലും നിരവധി മലയാളികളാണ് ദിവസവും ഈ കെണിയിൽ വീണുപോകുന്നത്. തട്ടിപ്പ് നടത്തുന്നതിന് പിന്നിലും മലയാളികളുണ്ടെന്നതാണ് സങ്കടകരം. ദുരിതക്കയത്തിന് നടുവിൽ നിൽക്കുന്നവരിൽനിന്നാണ് ഒരു ദാക്ഷിണ്യവുമില്ലാതെ ഇവർ പണം കൈക്കലാക്കുന്നത്. ദുബൈ, ഷാർജ അടക്കം എല്ലായിടത്തും ഇത്തരം ത ട്ടിപ്പുകാർ വ്യാപകമാണ്. സന്ദർശക വിസയിലെത്തുന്നവർ പരാതി നൽകില്ലെന്ന ബലത്തിലാണ് ഇവർ വിഹരിക്കുന്നത്.
ചെറിയൊരു ബെഡ് സ്പേസിൽ തല ചായ്ച്ച്, ബസിൽ കയറിയും നടന്നും ഭക്ഷണം കഴിക്കാതെയുമെല്ലാമാണ് ഓരോ ഉദ്യോഗാർഥിയും ഇന്റർവ്യൂവിന് എത്തുന്നത്. നാട്ടിൽനിന്ന് അയച്ചുകൊടുക്കുന്ന പണമാണ് ഇവരുടെ ഏക ആശ്രയം. ഇവരെ വലയിൽ വീഴ്ത്താൻ ഒറിജിനൽ ഇന്റർവ്യൂവിനെ വെല്ലുന്ന സജ്ജീകരണങ്ങളാണ് തട്ടിപ്പുകാർ ഒരുക്കുന്നത്. ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടെന്നും ഇന്റർവ്യൂവിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അറിയിച്ച് ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ അയക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇന്റർവ്യൂവിന്റെ സമയവും സ്ഥലവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ഇതനുസരിച്ച് ഇവിടെ എത്തുന്ന ഉദ്യോഗാർഥിയെ മൂന്നോ നാലോ പേർ അടങ്ങുന്ന പാനൽ ഇന്റർവ്യൂ ചെയ്യും. ഇതിനുശേഷം രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 200-300 ദിർഹം ആവശ്യപ്പെടും. ഇത് നൽകിയാലേ ഓഫർ ലെറ്റർ അയക്കാൻ കഴിയൂ എന്നതാണ് ഇവരുടെ വാദം. പണം ഇല്ലെന്ന് പറഞ്ഞാൽ ഉള്ളത് തരാനായിരിക്കും മറുപടി.
50 ദിർഹം പോലും കൈയിൽ ഇല്ലെന്ന് പറഞ്ഞാൽ 10 ദിർഹമെങ്കിലും ചോദിച്ച് വാങ്ങുന്നവരുമുണ്ട്. ഉച്ചഭക്ഷണം കഴിക്കാ ൻ കരുതിവെച്ച തുക നൽകിയശേഷം ഇവിടെ നിന്നിറങ്ങുന്ന ഉദ്യോഗാർഥിയെ പിന്നീട് ഇവർ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യില്ല. ആദ്യമായി ഇന്റർവ്യൂവിനെത്തുന്നവരിൽ പലരും 200-300 ദിർഹം കൊടുക്കുന്നതാണ് പതിവ്. പണം സ്വീകരിച്ചശേഷം വൗച്ചറിൽ ഒപ്പിട്ട് നൽകുന്നുമുണ്ട്. 20-30 ദിവസത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ തിരിച്ചു നൽകാമെന്നാണ് ഇവർ പറയുന്നതെങ്കിലും ഈ തുക തിരിച്ചുകിട്ടിയ ചരിത്രം ഇതുവരെയില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഓഫിസ് മാറുന്നതോടെ ഇവരുടെ പൊടിപോലും കണ്ടെത്താനും കഴിയില്ല. ഇത്തരം തട്ടിപ്പുകാരുടെ സ്ഥാപനങ്ങളുടെ പേരുവെച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ടെങ്കിലും പലരും ഇതൊന്നും ശ്രദ്ധിക്കാതെയാണ് തട്ടിപ്പിന് തലവെക്കുന്നത്.
നിയമനടപടിക്ക് ഉദ്യോഗാർഥികൾ
ഷാർജ: ഷാർജയിൽ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായ മലയാളികൾ അടക്കമുള്ള ഉദ്യോഗാർഥികൾ ചേർന്ന് കൂട്ടായ്മ രൂപവത്കരിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ നിയമപരമായും സമൂഹ മാധ്യമങ്ങളിലും പോരാടാനാണ് ഇവരുടെ തീരുമാനം. ഷാർജ ടവറിൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവരാണ് കൂട്ടായ്മയുണ്ടാക്കിയത്.
സ്വകാര്യ സ്ഥാപനത്തിലെ ഇന്റർവ്യൂവിനെന്ന പേരിലാണ് ഇവരെ വിളിച്ചുവരുത്തിയത്. ദുബൈ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ബസിൽ മണിക്കൂറോളം സഞ്ചരിച്ച് എത്തിയവരും ഉണ്ടായിരുന്നു. റിസപ്ഷനിലെത്തിയ ശേഷം മുസ്കാനെ കാണാൻ വന്നതാണെന്ന് പറയണമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദേശം. ഇതനുസരിച്ച് സെക്യൂരിറ്റിക്കാർ ഇവരെ ഉള്ളിലേക്ക് കയറ്റിവിട്ടു. ഇന്റർവ്യൂവിനുശേഷം 200 ദിർഹമാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ആദ്യമായി ഇന്റർവ്യൂവിനെത്തിയ പലരും പണം നൽകി.
പുറത്തിറങ്ങി മറ്റുള്ളവരുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പുവിവരം അറിയുന്നത്. ഷാർജയിലുള്ള മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ ചോദ്യം ചെയ്തെങ്കിലും കാര്യമുണ്ടായില്ല. ഭീഷണിപ്പെടുത്തുന്ന നിലപാടാണ് തട്ടിപ്പുകാർ സ്വീകരിച്ചത്. ദിവസവും ഇവിടെ നൂറുകണക്കിനാളുകൾ വരുന്നുണ്ടെന്നും അവരെല്ലാം പ്രശ്നമുണ്ടാക്കിയാണ് മടങ്ങുന്നതെന്നും സമീപത്തെ ഓഫിസുകളിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.