ദുബൈ: ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണം ഇസ്രായേലിന്റെ സിവിലിയന്മാരെ ശിക്ഷിക്കുന്ന നയത്തിന് ന്യായമാകില്ലെന്നും ഗസ്സക്കെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും യു.എ.ഇ. പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച് ചർച്ച നടന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതി യോഗത്തിൽ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമിയാണ് യു.എ.ഇ നിലപാട് പ്രഖ്യാപിച്ചത്.
ഹമാസിന്റെ ആക്രമണം ഹീനവും ക്രൂരവുമായതാണ്. അവർ പിടികൂടിയ ബന്ദികളെ ഉപാധികളില്ലാതെ അതിവേഗം വിട്ടുനൽകണം. അതേസമയം, ഹമാസിന്റെ ആക്രമണം ഇസ്രായേലിന്റെ ‘കൂട്ടശിക്ഷ’ നയത്തിന് ന്യായീകരണമാകില്ല. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബാധ്യത ഇസ്രായേൽ നിറവേറ്റുകയും സിവിലിയൻമാരെ സംരക്ഷിക്കുകയും വേണം. ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് പുറന്തള്ളാനുള്ള ശ്രമം പുതിയ ദുരന്തത്തിന് വഴിയൊരുക്കും.
ഹമാസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ മേഖലയിൽ സംഘർഷം വ്യാപിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ബോംബിടുന്നത് ഇസ്രായേൽ തുടരുന്നത് കൂടുതൽ മാനുഷിക ദുരന്തത്തിനും നാശനഷ്ടങ്ങൾക്കും കാരണമാകും. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾ ഈ അവസരം ചൂഷണം ചെയ്ത് വിനാശകരമായ അജണ്ടകൾ നടപ്പാക്കാൻ സന്ദർഭം ഉപയോഗിക്കും. മേഖലയുടെ സുരക്ഷയെ മാത്രമല്ല, ലോക സുസ്ഥിരതക്ക് തന്നെ ഇത് വലിയ വെല്ലുവിളിയായി മാറും. സംഘർഷം അവസാനിപ്പിക്കാനും സാധ്യമാകുന്ന വേഗത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുമാണ് അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങളുണ്ടാകേണ്ടത്.
സുരക്ഷിതമായും അടിയന്തരമായും ഗസ്സയിൽ സഹായവസ്തുക്കൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം. മെഡിക്കൽ ആവശ്യത്തിനുള്ള ഇന്ധനം എത്തിച്ചില്ലെങ്കിൽ കുട്ടികളടക്കം നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ തുടരുന്ന യു.എ.ഇ, ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായ ഇടപെടലുകളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.